Wednesday, August 19, 2026

എന്തുകൊണ്ട് കീസ്റ്റോണ്‍ XL പൈപ്പ്‌ലൈന്‍ പദ്ധതി; പ്രധാന കാരണങ്ങള്‍ ഇവയാണ്

ഓട്ടവ: കാനഡയുമായുള്ള തീരുവ തര്‍ക്കങ്ങള്‍ക്കിടെ തികച്ചും അപ്രതീക്ഷിതമായി വിവാദപരമായ ‘കീസ്റ്റോണ്‍ എക്‌സ്.എല്‍’ (Keystone XL) പൈപ്പ്ലൈന്‍ പദ്ധതി വീണ്ടും പുനരുജ്ജീവിപ്പിച്ചേക്കുമെന്ന സൂചന നല്‍കി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ചുമത്താനിരുന്ന 50 ശതമാനം കനത്ത തീരുവ മൂന്ന് ദിവസത്തേക്ക് താത്കാലികമായി നിര്‍ത്തിവെച്ചതായി വ്യക്തമാക്കിക്കൊണ്ടുള്ള ‘ട്രൂത്ത് സോഷ്യല്‍’ സന്ദേശത്തിലാണ് ട്രംപ് കീസ്റ്റോണ്‍ പദ്ധതിയെക്കുറിച്ചുള്ള പരാമര്‍ശവും നടത്തിയത്.

എന്താണ് കീസ്‌റ്റോണ്‍ XL പദ്ധതി?

കാനഡയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ യു.എസ്. ഗള്‍ഫ് കോസ്റ്റിലേക്ക് എത്തിക്കുന്നതിനായി വിഭാവനം ചെയ്ത ഒരു വിപുലീകരണ പൈപ്പ്ലൈന്‍ പദ്ധതിയാണിത്. ഇത് യാഥാര്‍ത്ഥ്യമായാല്‍, യു.എസിലേക്കുള്ള കനേഡിയന്‍ എണ്ണ കയറ്റുമതിയില്‍ 12 ശതമാനത്തിലധികം വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

2005-ല്‍ ആദ്യമായി നിര്‍ദ്ദേശിക്കപ്പെടുകയും 2008-നും 2010-നും ഇടയില്‍ നിര്‍മ്മിക്കപ്പെടുകയും ചെയ്ത നിലവിലെ കീസ്റ്റോണ്‍ പൈപ്പ്ലൈന്‍, ആല്‍ബര്‍ട്ടയിലെ ഹാര്‍ഡിസ്റ്റിയില്‍ നിന്ന് ആരംഭിച്ച് സസ്‌കച്വാന്‍, മാനിറ്റോബ എന്നിവ കടന്ന് മാനിറ്റോബയിലെ ഹാസ്‌കറ്റിന് സമീപത്തുകൂടി യു.എസിലേക്ക് പ്രവേശിക്കുകയും നോര്‍ത്ത് ഡക്കോട്ട, ഇല്ലിനോയി, നെബ്രാസ്‌ക എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോവുകയും ചെയ്യുന്നു.

കീസ്‌റ്റോണ്‍ എക്‌സ്.എല്‍ പദ്ധതി മുന്നോട്ട് പോയിരുന്നെങ്കില്‍, ഹാര്‍ഡിസ്റ്റിക്കും നെബ്രാസ്‌കയിലെ സ്റ്റീല്‍ സിറ്റിക്കുമിടയില്‍ ഒരു നേരിട്ടുള്ള പാത യാഥാര്‍ത്ഥ്യമാകുമായിരുന്നു. എന്നാല്‍, ഈ വിപുലീകരണത്തിന്റെ യു.എസ്. ഭാഗങ്ങള്‍ മാത്രമാണ് ഇതുവരെ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്.

പദ്ധതിക്ക് ആദ്യമായി അനുമതി ലഭിച്ചത് എങ്ങനെയാണ്?

2008-ല്‍ അന്നത്തെ ഉടമസ്ഥരായ ടി.സി. എനര്‍ജി കോര്‍പ്പറേഷനും (TC Energy Corp.) കൊണോകോഫിലിപ്‌സും (ConocoPhillips) ചേര്‍ന്നാണ് ഈ പദ്ധതി ആദ്യമായി മുന്നോട്ടുവെച്ചത്. ആ സമയത്ത് ടി.സി. എനര്‍ജി കോര്‍പ്പറേഷന്‍ ‘ട്രാന്‍സ്‌കാനഡ കോര്‍പ്പറേഷന്‍’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

2010-ല്‍ കനേഡിയന്‍ എനര്‍ജി ബോര്‍ഡ് ഈ പദ്ധതിക്ക് അംഗീകാരം നല്‍കിയെങ്കിലും സുരക്ഷ, പരിസ്ഥിതി സംരക്ഷണം, ഭൂവുടമകളുടെ അവകാശങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട 22 കര്‍ശന ഉപാധികളോടെയാണ് അനുമതി നല്‍കിയത്. എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം, 2012 ജനുവരിയില്‍ അന്നത്തെ യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയാണ് ഈ പദ്ധതി ആദ്യമായി റദ്ദാക്കിയത്.

പദ്ധതി ഇത്രയധികം വിവാദമായത് എന്തുകൊണ്ടാണ്?

പരിസ്ഥിതി ആശങ്കകള്‍, ആവശ്യത്തിന് നിയമപരമായ മേല്‍നോട്ടമില്ലായ്മ, പൈപ്പ്ലൈന്‍ പാതകള്‍ പുനഃപരിശോധിക്കുന്നതിനായി സംസ്ഥാന നിയമങ്ങള്‍ ഭരണഘടനാ വിരുദ്ധമായി ഉപയോഗിച്ചു എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജനപ്രതിനിധികളില്‍ നിന്നും പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്നും പദ്ധതിക്കെതിരെ കടുത്ത എതിര്‍പ്പാണ് ഉയര്‍ന്നുവന്നത്. 60 ദിവസത്തിനകം പൈപ്പ്ലൈന്‍ പദ്ധതിയുടെ ഭാവി തീരുമാനിക്കണമെന്ന് ആവശ്യപ്പെട്ട് 2011 ഡിസംബറില്‍ യു.എസ്. ജനപ്രതിനിധികള്‍ ബില്‍ പാസാക്കിയതിനെ തുടര്‍ന്ന്, 2012-ല്‍ ബരാക് ഒബാമ പദ്ധതി തടഞ്ഞു. പുതിയ പാത പരിശോധിക്കാന്‍ ഈ സമയം പര്യാപ്തമല്ലെന്ന് വ്യക്തമാക്കിയ ഒബാമ, വേണമെങ്കില്‍ ട്രാന്‍സ്‌കാനഡയ്ക്ക് (TransCanada) വീണ്ടും അപേക്ഷ സമര്‍പ്പിക്കാമെന്നും അറിയിച്ചു.

തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പദ്ധതിയുടെ തെക്കന്‍ ഭാഗങ്ങള്‍ നിര്‍മ്മിക്കാന്‍ കമ്പനി ശ്രമിച്ചതോടെ ചെലവ് വന്‍തോതില്‍ വര്‍ദ്ധിച്ചു. നെബ്രാസ്‌ക ഭരണകൂടത്തിന്റെയും റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസിന്റെയും പിന്തുണ ലഭിച്ചെങ്കിലും, ഒബാമ ഭരണകൂടത്തിന്റെ വീറ്റോ അധികാരവും എതിരാളികളുടെ നിയമപോരാട്ടങ്ങളും കാരണം പദ്ധതി വീണ്ടും വീണ്ടും തടസ്സപ്പെട്ടു.

2016-ലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ അധികാരത്തിലെത്തിയാല്‍ പദ്ധതി പുനരാരംഭിക്കുമെന്ന് ഡോണള്‍ഡ് ട്രംപ് വാഗ്ദാനം ചെയ്തു. തുടര്‍ന്ന് 2017 ജനുവരിയില്‍ അദ്ദേഹം ഇതിനായുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെക്കുകയും 2020 ഏപ്രിലില്‍ നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ 2020 നവംബറില്‍ അധികാരത്തിലെത്തിയ ജോ ബൈഡന്‍, തന്റെ ഭരണത്തിന്റെ ആദ്യ ദിനം തന്നെ പദ്ധതി പൂര്‍ണ്ണമായി റദ്ദാക്കുകയാണുണ്ടായത്.

ബൈഡന്‍ പദ്ധതി റദ്ദാക്കിയത് എന്തുകൊണ്ടാണ്?

തന്റെ ഭരണകൂടത്തിന്റെ സാമ്പത്തിക, പരിസ്ഥിതി നയങ്ങള്‍ക്ക് അനുയോജ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 2021 ജനുവരിയില്‍ ജോ ബൈഡന്‍ കേസ്റ്റോണ്‍ എക്‌സ്.എല്‍ പൈപ്പ്ലൈന്‍ പദ്ധതി റദ്ദാക്കിയത്. ഒബാമ ഭരണകൂടത്തില്‍ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിരുന്ന കാലം മുതല്‍ക്കേ പദ്ധതിക്കെതിരെ സമാനമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്.

പദ്ധതി റദ്ദാക്കിയ നടപടിയില്‍ അന്നത്തെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കടുത്ത നിരാശ പ്രകടിപ്പിക്കുകയും തീരുമാനത്തില്‍ പുനഃപരിശോധന നടത്താന്‍ തങ്ങളുടെ പ്രതിനിധികള്‍ ബൈഡന്‍ ഭരണകൂടത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു. കൂടാതെ പദ്ധതി റദ്ദാക്കിയാല്‍ നിയമനടപടിയെടുക്കുമെന്ന് അന്നത്തെ ആല്‍ബര്‍ട്ട പ്രീമിയര്‍ ജേസണ്‍ കെന്നിയും മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതിനുശേഷം എന്താണ് സംഭവിച്ചത്?

ഡോണള്‍ഡ് ട്രംപ് രണ്ടാമതും യു.എസ്. പ്രസിഡന്റായി അധികാരമേല്‍ക്കുന്നതുവരെ കേസ്റ്റോണ്‍ എക്‌സ്.എല്‍ (Keystone XL) പദ്ധതി പൂര്‍ണ്ണമായി മുടങ്ങിക്കിടക്കുകയായിരുന്നു. എന്നാല്‍ 2025 ഫെബ്രുവരിയില്‍, കേസ്റ്റോണ്‍ എക്‌സ്.എല്‍ പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.

തുടര്‍ന്ന് ഒക്ടോബറില്‍, കനേഡിയന്‍ വ്യവസായങ്ങള്‍ക്ക് മേലുള്ള യു.എസ്. സ്റ്റീല്‍, അലുമിനിയം താരിഫുകളില്‍ ഇളവ് നല്‍കുന്നതിന് പകരമായി ഈ പദ്ധതി നടപ്പിലാക്കാമെന്ന ആശയം അന്നത്തെ കനേഡിയന്‍ പ്രധാനമന്ത്രി കാര്‍ണി ട്രംപിന് മുന്നില്‍ വെക്കുകയും, ട്രംപ് അതിനോട് വളരെ അനുകൂലമായി പ്രതികരിക്കുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യു.എസുമായുള്ള വ്യാപാര ചര്‍ച്ചകളില്‍ കാനഡയുടെ ഒരു ശക്തമായ വിലപേശല്‍ ആയുധമായി ഈ പൈപ്പ്ലൈന്‍ പദ്ധതി ഉപയോഗിക്കുന്നുണ്ടെന്ന് ആല്‍ബര്‍ട്ടയില്‍ നിന്നുള്ള ലിബറല്‍ എം.പി കോറി ഹോഗനും മാര്‍ച്ച് മാസത്തില്‍ സ്ഥിരീകരിച്ചു.

താരിഫുകള്‍ മൂലം തിരിച്ചടി നേരിടുന്ന വ്യവസായങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ചര്‍ച്ചകള്‍ക്കായി ഇത്തരം ഊര്‍ജ്ജ പദ്ധതികള്‍ ഉപയോഗിക്കേണ്ടതുണ്ടെന്നും, ഇതിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താതിരിക്കുന്നത് വിഡ്ഢിത്തമായിരിക്കുമെന്നും ഹോഗന്‍ വ്യക്തമാക്കിയിരുന്നു. പുതിയ വ്യാപാര കരാറില്‍ പൈപ്പ്ലൈന്‍ നേരിട്ട് ഉള്‍പ്പെട്ടിട്ടില്ലെങ്കിലും, ട്രംപിനെ സംബന്ധിച്ചിടത്തോളം ഇത് ഒരു പ്രധാന തര്‍ക്കവിഷയമായി മാറിയേക്കാമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ട്രംപ് തന്റെ ഭരണത്തിലും മറ്റ് രാജ്യങ്ങളുമായുള്ള ചര്‍ച്ചകളിലും എപ്പോഴും എണ്ണയ്ക്കും ഊര്‍ജ്ജ മേഖലയ്ക്കും വലിയ മുന്‍ഗണന നല്‍കുന്നുണ്ടെന്നതാണ് ഇതിന് പ്രധാന കാരണം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!