ഓട്ടവ: അമേരിക്കയില്‍ നിന്ന് കാനഡയിലേക്ക് തോക്കുകളും മാഗസിനുകളും കടത്താന്‍ ശ്രമിച്ച 57-കാരനായ ഗെയ്ലണ്‍ സ്മിത്ത് (Gaylon Smith) അതിര്‍ത്തിയില്‍ അറസ്റ്റിലായി. തിങ്കളാഴ്ച ന്യൂബ്രണ്‍സ്വിക്കിലെ റിവര്‍ ഡി ച്യൂട്ട് (River de Chute) പോര്‍ട്ട് ഓഫ് എന്‍ട്രി വഴി കാനഡയിലേക്ക് മടങ്ങിയെത്തിയ ഇയാളെ കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി (CBSA) ഉദ്യോഗസ്ഥരാണ് പിടികൂടിയത്.
ഉദ്യോഗസ്ഥരും കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സിയുടെ പ്രത്യേക പരിശീലനം ലഭിച്ച നായയും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് വാഹനത്തില്‍ ഒളിപ്പിച്ച നിലയില്‍ തോക്കുകളും അനുബന്ധ സാമഗ്രികളും കണ്ടെടുത്തത്. പരിശോധനയില്‍ നാല് തോക്കുകള്‍, അധിക ശേഷിയുള്ള 12 മാഗസിനുകള്‍, സാധാരണ ഉപയോഗിക്കുന്ന രണ്ട് മാഗസിനുകള്‍ എന്നിവ പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍ ബുധനാഴ്ച പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സ്മിത്തിനെതിരെ അഞ്ച് കള്ളക്കടത്ത് കേസുകളും തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് ഒരു കേസും ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതിയെ സെപ്റ്റംബര്‍ 14-ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. കസ്റ്റംസ് ആക്ട് ലംഘിച്ചതുമായി ബന്ധപ്പെട്ട് സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അതിര്‍ത്തി രക്ഷാസേന വ്യക്തമാക്കി.
