ആല്‍ബര്‍ട്ട: കീസ്റ്റോണ്‍ എക്‌സ്.എല്‍ (Keystone XL) പൈപ്പ്ലൈന്‍ പദ്ധതി പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായതില്‍ ആവേശം പ്രകടിപ്പിച്ച് മുന്‍ ആല്‍ബര്‍ട്ട പ്രീമിയര്‍ ജേസണ്‍ കെന്നി. സി.ടി.വി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍, പദ്ധതി ഇനി വച്ചുതാമസിപ്പിക്കാതെ എത്രയും വേഗം പൂര്‍ത്തിയാക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
‘യു.എസിന് വിശ്വസനീയവും സുരക്ഷിതവുമായ ഊര്‍ജ്ജ സ്രോതസ്സ് ആവശ്യമാണ്, ഈ പദ്ധതിയിലൂടെ അത് നല്‍കാന്‍ കാനഡയ്ക്ക് കഴിയും. ട്രംപിന്റെ സാമ്പത്തിക സമ്മര്‍ദ്ദങ്ങളെ ചെറുക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം അദ്ദേഹത്തിനൊപ്പം കാനഡയ്ക്കും നേട്ടമുണ്ടാക്കുന്ന ഒരു ധാരണയിലെത്തുക എന്നതാണ്,’ എന്ന് അദ്ദേഹം പറഞ്ഞു.

റെഡ് ഡിയറിന് വടക്കുകിഴക്കന്‍ നഗരമായ ഹാര്‍ഡിസ്റ്റിയില്‍ നിന്ന് ആരംഭിക്കുന്ന ഈ പദ്ധതി, കനേഡിയന്‍ ക്രൂഡ് ഓയില്‍ മെക്‌സിക്കന്‍ ഉള്‍ക്കടല്‍ തീരത്തേക്ക് എത്തിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. പദ്ധതി പൂര്‍ത്തിയായാല്‍ യു.എസിലേക്കുള്ള കനേഡിയന്‍ എണ്ണക്കയറ്റുമതി 12 ശതമാനത്തിലധികം വര്‍ദ്ധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. മുന്‍പ് കെന്നി പ്രീമിയറായിരുന്ന സമയത്ത് ആല്‍ബര്‍ട്ട സര്‍ക്കാര്‍ വലിയ സാമ്പത്തിക പങ്കാളിത്തം പദ്ധതിക്കായി നല്‍കിയിരുന്നെങ്കിലും, ജോ ബൈഡന്‍ പ്രസിഡന്റായപ്പോള്‍ പെര്‍മിറ്റ് റദ്ദാക്കിയത് മൂലം 1.3 ബില്യണ്‍ ഡോളറിന്റെ ഭാരമാണ് ആല്‍ബര്‍ട്ടയിലെ നികുതിദായകര്‍ക്ക് താങ്ങേണ്ടി വന്നത്.
പകുതി വഴിയില്‍ ഉപേക്ഷിക്കപ്പെട്ട ഈ പദ്ധതി പുനരാരംഭിക്കുന്നത് പ്രായോഗികമാണെന്നാണ് ഊര്‍ജ്ജ മേഖലയിലെ വിദഗ്ധരുടെ നിഗമനം. നിലവില്‍ പൈപ്പ്ലൈന്‍ ഉടമസ്ഥതയിലുള്ള ‘സൗത്ത് ബോ’ (South Bow) കമ്പനി, പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ യു.എസ് കമ്പനിയായ ബ്രെഡ്ജറുമായി (Bridger) കരാറിലേര്‍പ്പെട്ടിട്ടുണ്ട്. അടുത്ത വര്‍ഷം ഇതില്‍ അന്തിമ നിക്ഷേപ തീരുമാനം ഉണ്ടായേക്കും. നിലവിലെ ആല്‍ബര്‍ട്ട പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് വിഷയത്തില്‍ നേരിട്ട് പ്രതികരിച്ചിട്ടില്ലെങ്കിലും, പൈപ്പ്ലൈന്‍ വികസനത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന നിലപാടിലാണ്.
