ബാരി: ഗ്രേ ബ്രൂസ് കൗണ്ടികളിലെ രണ്ട് പ്രമുഖ ബീച്ചുകളില്‍ ഇ- കോളി ബാക്ടീരിയയുടെ അളവ് ഉയര്‍ന്നതിനെ തുടര്‍ന്ന് അടച്ചു. പോര്‍ട്ട് എല്‍ജിന്‍ മെയിന്‍ ബീച്ച് , സൗത്താംപ്റ്റണ്‍ ബീച്ചുകളിലാണ് ഗ്രേ ബ്രൂസ് പബ്ലിക് ഹെല്‍ത്ത് യൂണിറ്റ് (GBPH) നീന്തല്‍ വിലക്കി ബോര്‍ഡുകള്‍ സ്ഥാപിച്ചത്.
വേനല്‍ക്കാല വിനോദങ്ങള്‍ ആസ്വദിക്കാന്‍ ആളുകള്‍ എത്തുന്ന സമയമാണെങ്കിലും, പൊതുജനാരോഗ്യം മുന്‍നിര്‍ത്തി നിര്‍ദ്ദേശം പാലിക്കണമെന്ന് ജി.ബി.പി.എച്ച് സീനിയര്‍ പബ്ലിക് ഹെല്‍ത്ത് മാനേജര്‍ ചിമെരെ ഒകോറോങ്ക്വോ അഭ്യര്‍ത്ഥിച്ചു. ഉയര്‍ന്ന ബാക്ടീരിയ അളവുള്ള വെള്ളത്തില്‍ നീന്തുമ്പോള്‍ രോഗബാധയ്‌ക്കോ അണുബാധയ്‌ക്കോ ഉള്ള സാധ്യത വര്‍ധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

വെള്ളത്തിലെ ബാക്ടീരിയയുടെ അളവ് സുരക്ഷിതമായ പരിധിക്കുള്ളിലാകുന്നതുവരെ ബീച്ചുകളിലെ ഈ നിയന്ത്രണം തുടരും. പരിശോധനയ്ക്കായി ഈ ആഴ്ച ആദ്യം സാമ്പിളുകള്‍ ശേഖരിച്ചിരുന്ന ആരോഗ്യ വകുപ്പ് വ്യാഴാഴ്ച കൂടുതല്‍ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കും. പ്രദേശവാസികളും വിനോദസഞ്ചാരികളും ബീച്ചിലെ വെള്ളത്തില്‍ ഇറങ്ങാനോ വളര്‍ത്തുമൃഗങ്ങളെ വെള്ളം കുടിപ്പിക്കാനോ അനുവദിക്കരുതെന്ന് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കനത്ത മഴയ്ക്ക് ശേഷം 24 മുതല്‍ 48 മണിക്കൂര്‍ വരെയും, വെള്ളത്തില്‍ ഇറങ്ങുമ്പോള്‍ സ്വന്തം പാദങ്ങള്‍ വ്യക്തമായി കാണാന്‍ സാധിക്കാത്ത സാഹചര്യങ്ങളിലും നീന്തുന്നത് ഒഴിവാക്കണമെന്നാണ് പബ്ലിക് ഹെല്‍ത്ത് നല്‍കുന്ന നിര്‍ദ്ദേശം. നിശ്ചിത മാനദണ്ഡങ്ങളേക്കാള്‍ കൂടുതല്‍ ബാക്ടീരിയ അടങ്ങിയ വെള്ളത്തില്‍ ഇറങ്ങുന്നത് കണ്ണ്, മൂക്ക്, തൊണ്ട, ചര്‍മ്മം എന്നിവിടങ്ങളില്‍ അണുബാധയ്ക്കും വയറിളക്കം ഉള്‍പ്പെടെയുള്ള ദഹനസംബന്ധമായ രോഗങ്ങള്‍ക്കും കാരണമായേക്കാം.
