Thursday, August 20, 2026

വ്യാജ മേപ്പിള്‍ സിറപ്പ് വില്‍പ്പന: പ്രമുഖ ഗ്രോസറി ശൃംഖലകള്‍ക്കെതിരെ നിയമനടപടി

മണ്‍ട്രിയോള്‍: കെബെക്കില്‍ വ്യാജ മേപ്പിള്‍ സിറപ്പ് വിറ്റഴിച്ചതില്‍ ഗ്രോസറി ശൃംഖലകള്‍ക്കെതിരെ നിയമനടപടി. മെട്രോ, സോബീസ്, ലോബ്ലോസ്, കെബെക്കിലെ വാല്‍- മോന്റ് ഗ്രോസറി സ്റ്റോറുകള്‍ നടത്തുന്ന Epicia Group എന്നിവരെയും പ്രതികളാക്കാന്‍ അപേക്ഷ നല്‍കി. വ്യാജ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ അനുവാദം നല്‍കിയതിലൂടെ പ്രമുഖ ഗ്രോസറി സ്റ്റോറുകള്‍ ഉപഭോക്താക്കളോട് വിശ്വാസവഞ്ചന ചെയ്തുയെന്ന് ആരോപിച്ചാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

കെബെക്കിലെ സിറപ്പ് നിര്‍മ്മാതാവായ സ്റ്റീവ് ബൂര്‍ഡോയ്ക്ക് (Steve Bourdeau) എതിരെയാണ് കേസ് ആദ്യം രജിസ്റ്റര്‍ ചെയ്തിരുന്നത്. 100 ശതമാനം ശുദ്ധമായ മേപ്പിള്‍ സിറപ്പ് എന്ന പേരില്‍ വിറ്റഴിച്ച കാനുകളില്‍ 50 ശതമാനത്തിലധികം പഞ്ചസാര കലര്‍ത്തിയിരുന്നുവെന്ന് കണ്ടെത്തി. ഇതറിയാതെ കുറഞ്ഞ വിലയ്ക്ക് വ്യാജ സിറപ്പ് വാങ്ങി വിറ്റഴിച്ചതിനാണ് ഇപ്പോള്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കെതിരെയും നിയമനടപടി വേണമെന്ന് ആവശ്യപ്പെടുന്നത്.

അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ചില ഗ്രോസറി ശൃംഖലകള്‍ സിറപ്പ് വാങ്ങിയവര്‍ക്ക് പണം തിരികെ നല്‍കിയിരുന്നു. എന്നാല്‍ ഇതുകൊണ്ട് മാത്രം പ്രശ്‌നം പരിഹരിക്കപ്പെടില്ലെന്നാണ് ഹര്‍ജിക്കാരുടെ വാദം. വില്‍പ്പനയ്ക്ക് മുമ്പ് ഉല്‍പ്പന്നം യഥാര്‍ഥത്തില്‍ ശുദ്ധമായ മേപ്പിള്‍ സിറപ്പാണെന്ന് ഉറപ്പാക്കുന്നതില്‍ ഗ്രോസറി ശൃംഖലകള്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്നും ഉപഭോക്താക്കളുടെ വിശ്വാസം അവഗണിച്ചെന്നും നിയമസ്ഥാപനം ആരോപിക്കുന്നു.

2023 ഏപ്രില്‍ 7ന് ശേഷം സിറപ്പ് വാങ്ങിയ ലക്ഷക്കണക്കിന്, ഒരുപക്ഷേ ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാമെന്നാണ് ഹര്‍ജിയിലെ വാദം. എന്നാല്‍ ഈ കേസിന് ഇതുവരെ കോടതിയുടെ അംഗീകാരം ലഭിച്ചിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!