കണ്ണൂർ: കുപ്രസിദ്ധ ഗുണ്ടാത്തലവൻ അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി. പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തുകയും ചെയ്തതടക്കമുള്ള കേസുകളുടെ പശ്ചാത്തലത്തിലാണ് നടപടി.
ആയങ്കിക്കെതിരെ കാപ്പ ചുമത്തണമെന്ന കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ ശിപാർശ ജില്ലാ കലക്ടർ അംഗീകരിച്ചതോടെയാണ് ഉത്തരവ് നിലവിൽ വന്നത്. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നയാളാണ് അർജുൻ ആയങ്കിയെന്നും വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്നും പൊലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവിട്ടത്.

വിവിധ ജില്ലകളിലായി അർജുൻ ആയങ്കിക്കെതിരെ ഇരുപതോളം കേസുകളുണ്ടെന്നാണ് പൊലീസ് റിപ്പോർട്ട്. വധശ്രമം, സ്വർണക്കടത്ത്, സ്വർണം പൊട്ടിക്കൽ, ക്വട്ടേഷൻ തുടങ്ങിയ കേസുകളാണ് ഇതിൽ ഉൾപ്പെടുന്നത്.
കോതമംഗലം മുൻ എസ്.എച്ച്.ഒ കെ.ആർ. പ്രശാന്ത് നായരെയും ഊന്നുകൽ മുൻ എസ്.എച്ച്.ഒ ബി.എസ്. ആദർശിനെയും സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്തതാണ് ഏറ്റവും ഒടുവിലത്തെ കേസ്. കോതമംഗലം റിസോർട്ട് കേസ് അന്വേഷിച്ചിരുന്നത് ഊന്നുകൽ പൊലീസായിരുന്നു.
കോതമംഗലം കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് അർജുൻ ആയങ്കി പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയത്. സംഭവത്തിൽ ഊന്നുകൽ പൊലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതോടെയാണ് കാപ്പ നടപടിയിലേക്ക് പൊലീസ് നീങ്ങിയത്.
