വൻകൂവർ: ബ്രിട്ടീഷ് കൊളംബിയയിലെ സൺഷൈൻ കോസ്റ്റിലുള്ള ഹോവ് സൗണ്ട് പൾപ്പ് ആൻഡ് പേപ്പർ മിൽ അനിശ്ചിതകാലത്തേക്ക് അടച്ചു.400 ജീവനക്കാർക്ക് ജോലി നഷ്ടമാകും. ഉയർന്ന പ്രവർത്തനച്ചെലവും വിപണിയിലെ പ്രതിസന്ധികളുമാണ് അടച്ചുപൂട്ടലിന് കാരണം.പോർട്ട് മെല്ലണിലെ മിൽ ജീവനക്കാർക്കായി ഓഗസ്റ്റ് 20ന് നടത്തിയ ടൗൺഹാൾ യോഗത്തിലാണ് ഉടമസ്ഥരായ ഡോംടാർ ഇക്കാര്യം വ്യക്തമാക്കിയത്.
മില്ലിനൊപ്പം ബേവ്യൂ ഫൈബർ ചിപ്പിങ് സൗകര്യത്തിന്റെയും പ്രവർത്തനം നിർത്തിവെക്കും. ഇതോടെ ഏകദേശം 400 ജീവനക്കാരെ തീരുമാനം ബാധിക്കുമെന്ന് ഡോംടാർ അറിയിച്ചു. ജീവനക്കാരുടെ അവസാന ജോലി ദിവസം ഒക്ടോബർ 19 ആയിരിക്കുമെന്ന് കമ്പനി അറിയിച്ചതായി തൊഴിലാളികൾ പറഞ്ഞു.
ഏഷ്യയിൽ നിന്നുള്ള ആവശ്യകത കുറഞ്ഞത്, ആഗോളതലത്തിൽ പൾപ്പിന്റെ വിലയിൽ തുടരുന്ന ഇടിവ്, ആഭ്യന്തരമായി കുറഞ്ഞ ചെലവിൽ ലഭിക്കുന്ന ഫൈബറിന്റെ ലഭ്യത കുറഞ്ഞത് എന്നിവയാണ് മിൽ പ്രവർത്തനം തുടരുന്നതിന് പ്രധാന വെല്ലുവിളികളെന്ന് ഡോംടാർ പ്രസിഡന്റ് ലൂക്ക് തെരിയോ പറഞ്ഞു. ജീവനക്കാരുടെ പ്രകടനവുമായി ബന്ധപ്പെട്ട തീരുമാനമല്ല ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
1909ൽ സ്ഥാപിച്ച മില്ലിന് 117 വർഷത്തെ ചരിത്രമാണുള്ളത്. 2015ലും മില്ലിന്റെ പ്രവർത്തനത്തിന്റെ ഒരു ഭാഗം നിർത്തിവെച്ചിരുന്നു. അന്ന് 180ഓളം തൊഴിലാളികളെ തീരുമാനം ബാധിച്ചിരുന്നു.മില്ലിലെ ജീവനക്കാരും പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളും കടുത്ത ആശങ്കയിലാണ്. മില്ലുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നിരവധി പ്രാദേശിക സ്ഥാപനങ്ങളെ അടച്ചുപൂട്ടൽ ബാധിക്കുമെന്ന് ജീവനക്കാർ പറഞ്ഞു.

ഡോംടാറിന്റെ ക്രോഫ്ടൺ മില്ലിന്റെ പ്രവർത്തനം സ്ഥിരമായി അവസാനിപ്പിക്കുമെന്ന് കമ്പനി കഴിഞ്ഞ ഡിസംബറിൽ പ്രഖ്യാപിച്ചിരുന്നു. അന്ന് ഏകദേശം 350 ജീവനക്കാരെയാണ് തീരുമാനം ബാധിച്ചത്.
അതേസമയം, ഡോംടാറിന്റെ പുതിയ തീരുമാനം കാനഡയിലെ വനമേഖല നേരിടുന്ന പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നതിന്റെ തെളിവാണെന്ന് യൂണിഫോർ ദേശീയ പ്രസിഡന്റ് ലാന പെയ്ൻ പറഞ്ഞു. പ്രവിശ്യാ-ഫെഡറൽ സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.
തീരുമാനത്തിൽ ബാധിക്കപ്പെട്ട തൊഴിലാളികളോടും സമൂഹത്തോടും അനുഭാവം പ്രകടിപ്പിച്ച ബ്രിട്ടീഷ് കൊളംബിയ ഫോറസ്റ്റ് മന്ത്രി രവി പാർമർ, സർക്കാർ കമ്പനിയുമായി ചർച്ചകൾ നടത്തിവരികയാണെന്ന് വ്യക്തമാക്കി. സൺഷൈൻ കോസ്റ്റ് മേഖലയിലെ തൊഴിലാളികൾക്കും കുടുംബങ്ങൾക്കും വരുമാന, മാനസികാരോഗ്യ പിന്തുണകൾ ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകാൻ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആഗോള വിപണിയിലെ മാറ്റങ്ങൾ പൾപ്പ് മേഖലയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും പണപ്പെരുപ്പം പരിഗണിച്ചുള്ള വിലനിലവാരം ഏകദേശം ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയെന്നും മന്ത്രി വ്യക്തമാക്കി.
