ഡൽഹി: വിദ്യാർഥികൾക്കെതിരായ പെല്ലറ്റ് ആക്രമണത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ഡൽഹി പൊലീസ്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിന് പിന്നാലെയാണ് പൊലീസ് നടപടി.
ആക്രമണത്തിൽ പരുക്കേറ്റ വിദ്യാർഥി സാഹിൽ ലോച്ചാബിന്റെ പരാതിയിലാണ് തിരിച്ചറിയാത്ത വ്യക്തികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ സാഹിലുമായി സ്റ്റേഷനിൽ ചർച്ച നടത്തിയിരുന്നു. പൊലീസ് ഡിസിപിയുമായി പ്രിയങ്ക ഗാന്ധി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് കേസെടുക്കാൻ തീരുമാനമായതെന്നും റിപ്പോർട്ടുണ്ട്.
സാഹിലിനും കുടുംബത്തിനും നീതി ആവശ്യപ്പെട്ടാണ് രാഹുൽ ഗാന്ധി പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചത്. ഏകദേശം അഞ്ച് മണിക്കൂർ നീണ്ട കുത്തിയിരിപ്പ് സമരത്തിനിടെ, എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതുവരെ പ്രതിഷേധം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. പെല്ലറ്റ് ആക്രമണവുമായി ബന്ധപ്പെട്ട പെല്ലറ്റുകളും സാഹിലിന്റെ മെഡിക്കൽ രേഖകളും രാഹുൽ ഗാന്ധി പ്രതിഷേധത്തിനിടെ പ്രദർശിപ്പിച്ചു.

പെല്ലറ്റ് ഗൺ പ്രയോഗത്തിൽ പരുക്കേറ്റ സാഹിൽ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. നേരത്തെ പരാതി നൽകാൻ ശ്രമിച്ചെങ്കിലും പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ലെന്നാണ് കോൺഗ്രസിന്റെ ആരോപണം. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി സാഹിലിനൊപ്പം പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തിയത്.
പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ പൊലീസ് അമിത ബലപ്രയോഗവും പെല്ലറ്റ് തോക്കുകളും പ്രയോഗിച്ചെന്നാരോപിച്ച് കോൺഗ്രസ് ശക്തമായ പ്രതിഷേധം തുടരുകയാണ്. സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മൗനം പാലിക്കുന്നതിനെതിരെയും രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ചു.
