അങ്കാറ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് തുർക്കി. ഗാസയിലേക്ക് മാനുഷിക സഹായവുമായി പോയ ഗ്ലോബൽ സുമൂദ് ഫ്ലോട്ടിലയ്ക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കേസിലാണ് തുർക്കി നീതിന്യായ മന്ത്രാലയത്തിന്റെ നടപടി.
നെതന്യാഹുവിനും അഫെക് മോസ്കോവിച്ചിനുമെതിരെ 2026 ജൂലൈ 14ന് തുർക്കി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്താരാഷ്ട്ര തലത്തിൽ ഇവരെ തിരയുന്നതിനായി റെഡ് നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായും ബന്ധപ്പെട്ട രേഖകൾ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയതായും തുർക്കി നീതിന്യായ മന്ത്രി അകിൻ ഗുർലെക് അറിയിച്ചു.

ഗ്ലോബൽ സുമൂദ് ഫ്ലോട്ടിലയിലെ പ്രവർത്തകരെ അന്താരാഷ്ട്ര സമുദ്രത്തിൽ തടഞ്ഞതും കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ടാണ് കേസ്. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം, വംശഹത്യ, നിയമവിരുദ്ധമായി തടങ്കലിൽവെക്കൽ, മനഃപൂർവമുള്ള പരുക്കേൽപ്പിക്കൽ, പീഡനം, സ്വത്ത് നശിപ്പിക്കൽ, കൊള്ള, ഗതാഗത മാർഗങ്ങൾ പിടിച്ചെടുക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തുർക്കി നടപടികളിൽ ഉന്നയിച്ചിരിക്കുന്നത്. കേസിൽ നെതന്യാഹുവും മോസ്കോവിച്ചും ഉൾപ്പെടെ 35 പേരാണ് പ്രതികളെന്നാണ് തുർക്കി വ്യക്തമാക്കുന്നത്.
തുർക്കിയും ഇസ്രായേലും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ നീക്കം. ഗാസയിലെ ഇസ്രായേൽ നടപടികളെ തുർക്കി ശക്തമായി വിമർശിച്ചുവരികയാണ്. അതേസമയം, തുർക്കിയുടെ ഇടപെടലിനെതിരെ ഇസ്രായേൽ പ്രതിരോധമന്ത്രി ഇസ്രായേൽ കാറ്റ്സ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
