ടൊറന്റോ: മൂന്ന് പതിറ്റാണ്ടോളം കാനഡയിൽ ജീവിച്ച 58കാരൻ റോമാൻ സ്ലെപ്സിക് നാടുകടത്തൽ ഭീഷണിയിൽ. സ്വന്തം രാജ്യമായ ചെക്ക് റിപ്പബ്ലിക്കിലേക്ക് ഏഴ് തവണ യാത്ര ചെയ്തതിന്റെ പേരിൽ സ്ഥിരതാമസ (PR) പദവി റദ്ദാക്കപ്പെട്ടതോടെയാണ് സ്ലെപ്സിക് നിയമപോരാട്ടത്തിലേക്ക് നീങ്ങിയത്.
1997ൽ ചെക്ക് റിപ്പബ്ലിക്കിൽ നിന്ന് അഭയാർഥിയായി ടൊറന്റോയിലെത്തിയ സ്ലെപ്സിക്, രാജ്യത്തെ റോമാ വിഭാഗക്കാർ നേരിട്ട വംശീയ അതിക്രമങ്ങളെ തുടർന്നാണ് കാനഡയിൽ അഭയം തേടിയത്. ടൊറന്റോയിലെ അഭയകേന്ദ്രത്തിൽ ജീവിതം ആരംഭിച്ച അദ്ദേഹം മണിക്കൂറിന് നാല് ഡോളർ വേതനത്തിൽ ശുചീകരണ ജോലി ചെയ്താണ് ജീവിതം കെട്ടിപ്പടുത്തത്.
ജോലിക്കിടെ ഇംഗ്ലീഷ് ഭാഷ സ്വായത്തമാക്കിയെങ്കിലും പൗരത്വ പരീക്ഷ പാസാകാത്തതിനാൽ കനേഡിയൻ പൗരത്വം നേടാൻ കഴിഞ്ഞില്ല. 55 വയസിന് ശേഷം ലഭിക്കുന്ന പൗരത്വ പരീക്ഷാ ഇളവ് ഉപയോഗിച്ച് പൗരത്വത്തിന് അപേക്ഷിക്കാനിരിക്കെയാണ് അദ്ദേഹത്തിന് ഇമിഗ്രേഷൻ നിയമക്കുരുക്ക് നേരിട്ടത്.

അസുഖബാധിതനായ സഹോദരനെ പരിചരിക്കാനും പിന്നീട് അദ്ദേഹത്തിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനുമായി സ്ലെപ്സിക് ഏഴ് തവണ ചെക്ക് റിപ്പബ്ലിക്കിലേക്ക് പോയിരുന്നു. എന്നാൽ സ്വന്തം രാജ്യത്തേക്കുള്ള ആവർത്തിച്ചുള്ള യാത്രകൾ അദ്ദേഹത്തിന് ഇനി കാനഡയുടെ സംരക്ഷണം ആവശ്യമില്ലെന്നതിന് തെളിവായി കണക്കാക്കാമെന്നതാണ് അധികൃതരുടെ നിലപാട്.
2012ൽ കാനഡയിൽ നിലവിൽ വന്ന ഇമിഗ്രേഷൻ നിയമ വ്യവസ്ഥകൾ പ്രകാരം, അഭയാർഥി സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നത് ചില സാഹചര്യങ്ങളിൽ ‘കുടിയേറ്റ സംരക്ഷണം ആവശ്യമില്ല’ എന്ന നിലപാടിന് അടിസ്ഥാനമാകാം. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ലെപ്സിക്കിന്റെ സ്ഥിരതാമസ പദവി റദ്ദാക്കാനുള്ള നടപടി ഉണ്ടായത്.
നാടുകടത്തൽ ഭീഷണി നേരിടുന്ന സ്ലെപ്സിക് ഇപ്പോൾ തന്റെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്. കാനഡയിൽ തനിക്കും മക്കൾക്കും മെച്ചപ്പെട്ട ജീവിതം ലഭിച്ചതിൽ രാജ്യത്തോട് പരാതിയില്ലെന്നും നന്ദി മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
