ബാരി: ഒന്റാരിയോയില്‍ ഹൈവേ 400-ല്‍ അനുവദനീയമായ വേഗപരിധി മണിക്കൂറില്‍ 10 കിലോമീറ്റര്‍ ഉയര്‍ത്തി. പുതിയ ഉത്തരവ് പ്രകാരം ടൊറന്റോയിലെ ഹൈവേ 401 മുതല്‍ മസ്‌കോക്ക ലേക്‌സിലെ ലേക്ക് ജോസഫ് റോഡ് വരെയുള്ള ഭാഗങ്ങളില്‍ വേഗപരിധി മണിക്കൂറില്‍ 100 കിലോമീറ്ററില്‍ നിന്ന് 110 കിലോമീറ്ററായി ഉയര്‍ന്നു. കഴിഞ്ഞ ജൂണിലാണ് പ്രൊവിന്‍ഷ്യല്‍ സര്‍ക്കാര്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ക്വീന്‍ എലിസബത്ത് വേ, ഹൈവേ 401, 403 എന്നിവയിലെ ചില ഭാഗങ്ങളില്‍ മുന്‍ വര്‍ഷങ്ങളില്‍ നടപ്പിലാക്കിയ വേഗപരിധി വര്‍ദ്ധനവ് വിജയകരമായിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. ഒന്റാറിയോയിലെ ഭൂരിഭാഗം ഹൈവേകളും മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയില്‍ സുരക്ഷിതമായി വാഹനങ്ങള്‍ ഓടിക്കാന്‍ പാകത്തില്‍ രൂപകല്‍പ്പന ചെയ്തതാണെന്നും അധികൃതര്‍ വ്യക്തമാക്കി.

ഹൈവേ 400-ന് പുറമേ ഹൈവേ 7, ഹൈവേ 115, ഹൈവേ 416 എന്നിവയിലെ തിരഞ്ഞെടുത്ത പ്രധാന ഭാഗങ്ങളിലും പുതിയ വേഗപരിധി നിലവില്‍ വന്നിട്ടുണ്ട്.
