ഓട്ടവ: കാനഡയിലെ ബാങ്കുകളും നിക്ഷേപകരും ബാങ്കിങ് ഇതര ‘പ്രൈവറ്റ് ക്രെഡിറ്റ്’ മേഖലയിൽ അര ട്രില്യൺ ഡോളറിലേറെ നിക്ഷേപിച്ചിട്ടുണ്ടെന്നും ഈ മേഖലയിലെ സുതാര്യതക്കുറവ് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഭീഷണിയാകാമെന്നും ബാങ്ക് ഓഫ് കാനഡ മുന്നറിയിപ്പ് നൽകി.
പരമ്പരാഗത ബാങ്കുകളിൽ നിന്ന് നേരിട്ട് വായ്പയെടുക്കുന്നതിന് പകരം അസറ്റ് മാനേജ്മെന്റ് കമ്പനികൾ, പെൻഷൻ ഫണ്ടുകൾ തുടങ്ങിയ സ്ഥാപനങ്ങളിലൂടെ വൻകിട, ഇടത്തരം കമ്പനികൾ വായ്പ നേടുന്ന രീതിയാണ് പ്രൈവറ്റ് ക്രെഡിറ്റ്. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ സൗകര്യപ്രദമായ വ്യവസ്ഥകളിൽ വായ്പ ലഭിക്കുമെന്നതിനാൽ ഈ മേഖല അതിവേഗം വളരുകയാണ്.
2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം പരമ്പരാഗത ബാങ്കുകൾ വായ്പാ മാനദണ്ഡങ്ങൾ കർശനമാക്കിയതോടെയാണ് കമ്പനികൾ സ്വകാര്യ വായ്പാ വിപണിയിലേക്ക് കൂടുതൽ തിരിഞ്ഞത്. കാനഡയിലെ ആഭ്യന്തര വായ്പാ വിപണിയിൽ പ്രൈവറ്റ് ക്രെഡിറ്റിന്റെ പങ്ക് നിലവിൽ ഏകദേശം 15 ശതമാനമാണെങ്കിലും കനേഡിയൻ നിക്ഷേപകർ അമേരിക്കയിലെ പ്രൈവറ്റ് ക്രെഡിറ്റ് ഫണ്ടുകളിലും വൻതുക നിക്ഷേപിച്ചിട്ടുണ്ട്.

കൃത്യമായ റെഗുലേറ്ററി മാനദണ്ഡങ്ങളുടെയും റിപ്പോർട്ടിങ് സംവിധാനങ്ങളുടെയും അഭാവമാണ് പ്രധാന ആശങ്ക. സ്വകാര്യ വായ്പാ ഇടപാടുകളിൽ വലിയ തോതിൽ തിരിച്ചടവ് മുടങ്ങുന്ന സാഹചര്യമുണ്ടായാൽ അതിന്റെ ആഘാതം ബാങ്കിങ് മേഖലയിലേക്കും വ്യാപിക്കാനുള്ള സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അമേരിക്കയിൽ ഫസ്റ്റ് ബ്രാൻഡ്സ് ഗ്രൂപ്പ് ഉൾപ്പെടെയുള്ള കമ്പനികൾ നേരിട്ട സാമ്പത്തിക തകർച്ചയും കാനഡയിലെ ചില റിയൽ എസ്റ്റേറ്റ് ഫണ്ടുകൾ നിക്ഷേപകർക്ക് പണം പിൻവലിക്കുന്നതിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയതും സ്വകാര്യ വായ്പാ മേഖലയിലെ അപകടസാധ്യതകൾ ചൂണ്ടിക്കാട്ടുന്ന സംഭവങ്ങളാണ്.
അതേസമയം, വലിയൊരു സാമ്പത്തിക പ്രതിസന്ധിയെ നേരിടുമ്പോൾ ഈ പുതിയ വായ്പാ സംവിധാനത്തിന് എത്രത്തോളം പ്രതിരോധശേഷിയുണ്ടെന്ന് ഇതുവരെ പൂർണമായി പരീക്ഷിക്കപ്പെട്ടിട്ടില്ല. നിലവിലെ സാഹചര്യത്തിൽ അടിയന്തരമായി ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും സ്വകാര്യ വായ്പാ മേഖലയിലെ വളർച്ചയും അതുമായി ബന്ധപ്പെട്ട അപകടസാധ്യതകളും കൂടുതൽ ശക്തമായി നിരീക്ഷിക്കേണ്ടതുണ്ടെന്നാണ് ബാങ്ക് ഓഫ് കാനഡയുടെ വിലയിരുത്തൽ.
