വാഷിങ്ടണ്‍: കാനഡയുമായുളള വ്യാപാര യുദ്ധം അമേരിക്കന്‍ പേപ്പര്‍ ഉല്‍പന്ന വിപണിയെ കടുത്ത അനിശ്ചിതത്വത്തിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. കാനഡയില്‍ നിന്നുള്ള ഇറക്കുമതി ഉല്‍പന്നങ്ങള്‍ക്ക് അമേരിക്ക കനത്ത തീരുവ ചുമത്തിയതും ഇരുരാജ്യങ്ങളും തമ്മിലുള്ള നയപരമായ തര്‍ക്കങ്ങളുമാണ് ഇപ്പോള്‍ വിനയായിരിക്കുന്നത്. ടോയ്‌ലറ്റ് പേപ്പര്‍ നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ക്കായി അമേരിക്ക പ്രധാനമായും ആശ്രയിക്കുന്നത് അയല്‍രാജ്യമായ കാനഡയെയാണ്. എന്നാല്‍ തീരുവയും തിരിച്ചടികളും കാരണം അമേരിക്കന്‍ വിപണിയില്‍ ടോയ്‌ലറ്റ് പേപ്പറിന്റെ വില കുത്തനെ ഉയരുകയും ഉല്‍പന്ന ലഭ്യതക്കുറവും സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.

ഈ അമേരിക്കക്കാരുടെ പതിവ് ശുചിത്വ ശീലങ്ങളില്‍ വലിയൊരു മാറ്റത്തിന് വഴിവെക്കുന്നുണ്ടെന്നാണ് സാമ്പത്തിക-ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. വര്‍ഷങ്ങളായി ടോയ്ലറ്റ് പേപ്പറിനെ മാത്രം ആശ്രയിച്ചിരുന്ന അമേരിക്കക്കാര്‍ ഇപ്പോള്‍ ‘ബിഡെറ്റ്’ (bidet) സംവിധാനങ്ങളിലേക്കും വാട്ടര്‍ സ്‌പ്രേകളിലേക്കും ശ്രദ്ധ തിരിക്കുകയാണ്. കടലാസ് ഉപയോഗിക്കുന്നതിനേക്കാള്‍ വെള്ളം ഉപയോഗിച്ച് വൃത്തിയാക്കുന്നതാണ് കൂടുതല്‍ ശുചിത്വവും ആരോഗ്യവും നല്‍കുന്നതെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. കൂടാതെ, ടോയ്ലറ്റ് പേപ്പറിനായി തുടര്‍ച്ചയായി പണം ചെലവഴിക്കുന്നതിനേക്കാള്‍ വാട്ടര്‍ സ്‌പ്രേ സംവിധാനങ്ങള്‍ വീടുകളില്‍ സ്ഥാപിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗാര്‍ഹിക ബജറ്റിന് ഏറെ ലാഭകരമാണെന്നും അവര്‍ മനസ്സിലാക്കുന്നു.
ഇതിനുപുറമെ, ദശലക്ഷക്കണക്കിന് മരങ്ങള്‍ വെട്ടിമാറ്റി ടോയ്ലറ്റ് പേപ്പര്‍ ഉണ്ടാക്കുന്നത് ഉണ്ടാക്കുന്ന വന്‍ പാരിസ്ഥിതിക ആഘാതവും വനനശീകരണവും ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടാന്‍ പരിസ്ഥിതി സ്‌നേഹികളെ പ്രേരിപ്പിക്കുന്നുണ്ട്.
