ഡൽഹി: ഉയർന്ന മൂല്യമുള്ള കറൻസി നോട്ടുകളിൽ മാറ്റം വരുത്താൻ പാകിസ്താൻ ഒരുങ്ങുന്നു. 10 രൂപയുടെ കറൻസി നോട്ട് പൂർണമായും പിൻവലിച്ച് പകരം നാണയം പുറത്തിറക്കാനാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താന്റെ നീക്കം. 5,000 രൂപ നോട്ടിലും മാറ്റങ്ങൾ വരുത്തും.
5,000 രൂപ നോട്ടിന്റെ വ്യാപകമായ ദുരുപയോഗവും കള്ളനോട്ടുകളുടെ സാധ്യതയും കണക്കിലെടുത്താണ് പുതിയ നോട്ടിലേക്ക് മാറാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്. 2005ലാണ് പാകിസ്താനിൽ 5,000 രൂപയുടെ നോട്ട് പുറത്തിറക്കിയത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ സാങ്കേതികവിദ്യയിൽ വലിയ മാറ്റങ്ങളുണ്ടായ സാഹചര്യത്തിൽ സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നാണ് അധികൃതരുടെ നിലപാട്.

കള്ളനോട്ടടിക്കുന്നവർ 5,000 രൂപ നോട്ടിനെ കൂടുതലായി ലക്ഷ്യമിടുന്നുണ്ടെന്നും അതിനാലാണ് പുതിയ സുരക്ഷാ സംവിധാനങ്ങളോടെ നോട്ട് പുറത്തിറക്കാൻ തീരുമാനിച്ചതെന്നും പാകിസ്താൻ ഡെപ്യൂട്ടി ഗവർണർ ഡോ. ഇനായത്ത് ഹുസൈൻ വ്യക്തമാക്കി.
പുതിയ 5,000 രൂപ നോട്ടിന്റെ അച്ചടിക്കായി പാകിസ്താൻ ടെൻഡറും ക്ഷണിച്ചിട്ടുണ്ട്. ഒരു 5,000 രൂപ നോട്ട് അച്ചടിക്കാൻ ഏകദേശം 14 രൂപ ചെലവാകുമെന്നാണ് റിപ്പോർട്ട്.
അതേസമയം, ഇന്ത്യയിലും നേരത്തെ വലിയ തോതിലുള്ള നോട്ട് പിൻവലിക്കൽ നടന്നിരുന്നു. 2016ൽ 500, 1,000 രൂപ നോട്ടുകൾ കേന്ദ്ര സർക്കാർ അസാധുവാക്കി. തുടർന്ന് പുതിയ 500, 2,000 രൂപ നോട്ടുകൾ പുറത്തിറക്കി. പിന്നീട് 2,000 രൂപയുടെ നോട്ട് പിൻവലിച്ചിരുന്നു.
