കാഠ്മണ്ഡു: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍പ്പെട്ട് കാണാതായ 25 കനേഡിയന്‍ പൗരന്മാര്‍ ഇപ്പോഴും കാണാമറയത്ത്. 121 വിദേശികളെ രക്ഷപ്പെടുത്തിയതില്‍ കാനഡക്കാരാരും ഉള്‍പ്പെട്ടിട്ടില്ലെന്ന് ഓട്ടവയിലെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ 570-ഓളം പേര്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. 1,924 പേരെ ഇനി കണ്ടെത്താനുണ്ടെന്ന് നേപ്പാള്‍ ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.

കാണാതായ വിദേശികളില്‍ 25 കാനഡക്കാരുമുണ്ടെന്നാണ് നേപ്പാള്‍ ടൂറിസം ബോര്‍ഡിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ നേപ്പാളിലും ടിബറ്റ് മേഖലയിലുമായി 30 കാനഡക്കാരെയും സ്ഥിരതാമസക്കാരെയും കാണാതായതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ഗ്ലോബല്‍ അഫയേഴ്‌സ് കാനഡ അറിയിച്ചു.
തങ്ങളുടെ പൗരന്മാരെ സഹായിക്കുന്നതിനും പ്രാദേശിക ഉദ്യോഗസ്ഥരുമായി ഏകോപിപ്പിച്ചു പ്രവര്‍ത്തിക്കുന്നതിനുമായി ഗ്ലോബല്‍ അഫയേഴ്‌സ് കാനഡ അഞ്ച് കോണ്‍സുലര്‍ ഉദ്യോഗസ്ഥരെ കാഠ്മണ്ഡുവിലേക്ക് അയച്ചിട്ടുണ്ട്. വിദേശത്തുണ്ടാകുന്ന അടിയന്തിര സാഹചര്യങ്ങളില്‍ സഹായം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സജ്ജമാക്കിയ ‘രജിസ്‌ട്രേഷന്‍ ഓഫ് കാനഡിയന്‍സ് എബ്രോഡ്’ (Registration of Canadians Abroad) സേവനത്തില്‍ പ്രവിശ്യയിലുള്ള കാനഡക്കാര്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി അഭ്യര്‍ത്ഥിച്ചു.
