ഓട്ടവ: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കാണാതായ കനേഡിയന്‍ പൗരന്മാരെ കണ്ടെത്താന്‍ പ്രത്യത സംഘത്തെ അയച്ചതായി കനേഡിയന്‍ വിദേശകാര്യ മന്ത്രി അനിത ആനന്ദ്. നേപ്പാളില്‍ കുടുങ്ങി കിടക്കുന്ന പൗരന്മാരെ സഹായിക്കുന്നതിനും തിരിച്ചില്‍ ഊര്‍ജ്ജിതമാക്കുന്നതിനുമായി 10 ഉദ്യോഗസ്ഥരെ നേപ്പാളിലേക്ക് അയച്ചതായി അനിത ആനന്ദ് അറിയിച്ചു. ആര്‍സിഎംപിയിലെ ഒരംഗവും ഈ സംഘത്തിലുണ്ട്.
നേപ്പാള്‍-ചൈന അതിര്‍ത്തിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുകയാണ്. 1003 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. നേപ്പാള്‍ സര്‍ക്കാറിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 3916 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇതില്‍ കാണാതായ 30 കനേഡിയന്‍ പൗരന്മാര്ക്കും പെര്‍മനന്റ് റെസിഡന്റുകള്ക്കുമായി റോയല്‍ കനേഡിയന്‍ പൊലീസിന്റെ സഹായത്തോടെ തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

മുന്‍പ് കാണാതായ ഒരു കനേഡിയന്‍ പൗരന് സുരക്ഷിതനാണെന്ന് കണ്ടെത്തിയതായി അനിത ആനന്ദ് സമൂഹമാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നേപ്പാളിന് 5 ദശലക്ഷം ഡോളറിന്റെ അടിയന്തര മാനുഷിക സഹായവും കാനഡ പ്രഖ്യാപിച്ചിട്ടുണ്ട്.
