നോവസ്‌കോഷ: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവിനെത്തുടര്‍ന്ന് ‘ലേക് ഒന്റാരിയോ’ എന്ന തടാകത്തിന്റെ പേര് ‘ലേക് അമേരിക്ക’ എന്ന് മാറിയതില്‍ മാപ്പിങ് ആപ്പുകളില്‍ ആശയക്കുഴപ്പം. നോവസ്‌കോഷ പവര്‍ തങ്ങളുടെ ഔട്ടേജ് മാപ്പില്‍ കാണിച്ചിരുന്ന ‘ലേക്ക് അമേരിക്ക’ എന്ന തെറ്റായ പേര് തിരുത്തിയതായി അറിയിച്ചു. നോവസ്‌കോഷ മേഖലയില്‍ വൈദ്യുതി വിതരണത്തില്‍ തടസ്സം നേരിട്ട ഭാഗങ്ങളെ അടയാളപ്പെടുത്തിയ മാപ്പിലാണ് അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ഒരു ഭാഗം ‘ലേക്ക് അമേരിക്ക’ എന്ന തെറ്റായ പേരില്‍ രേഖപ്പെടുത്തിയിരുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ അധികൃതര്‍ തിരുത്തുകയായിരുന്നു.
തേര്‍ഡ് പാര്‍ട്ടി മാപ്പിങ് സേവനങ്ങളില്‍ വന്ന മാറ്റമാണ് ഈ പ്രശ്‌നത്തിന് കാരണമായതെന്ന് കമ്പനി വക്താവ് ജാക്വലിന്‍ ഫോസ്റ്റര്‍ വ്യക്തമാക്കി. ഗൂഗിള്‍ മാപ്പ് എപിഐ (API) ഉപയോഗിക്കുന്ന വെബ്സൈറ്റുകളിലാണ് ഈ പ്രശ്‌നം പ്രധാനമായും കണ്ടത്. യുഎസിലെ ഔദ്യോഗിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഗൂഗിള്‍ യുഎസിലെ ഉപയോക്താക്കള്‍ക്കായി പേര് മാറ്റിയിരുന്നു. എന്നാല്‍ സാങ്കേതികമായി ഈ ഡാറ്റ സ്വീകരിച്ച മറ്റ് മാപ്പുകളില്‍ കാനഡയിലും പേര് തെറ്റായി കാണിക്കുകയായിരുന്നു.

തടാകത്തിന്റെ യഥാര്‍ത്ഥ പേര് നിലനിര്‍ത്താന്‍ ഇഎസ്ആര്‍ഐ (ESRI) പോലെയുള്ള ബദല്‍ മാപ്പിങ്് സേവനങ്ങള്‍ ഉപയോഗിക്കാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
