വിനിപെഗ്: ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം മാനിറ്റോബയിലെ ചർച്ചിൽ തുറമുഖത്ത് നിന്ന് വീണ്ടും ധാന്യക്കയറ്റുമതി ആരംഭിക്കുന്നു. ഏകദേശം 30,000 ടൺ കനേഡിയൻ ഗോതമ്പുമായി കപ്പൽ ഈ ആഴ്ച യൂറോപ്പിലേക്ക് പുറപ്പെടും.
കൊവിഡ് മഹാമാരിയെ തുടർന്ന് 2020ലാണ് തുറമുഖത്ത് നിന്നുള്ള ധാന്യക്കയറ്റുമതി നിർത്തിയത്. കാനഡയിലെ റെയിൽവേ ബന്ധമുള്ള ഏക ആഴക്കടൽ ആർട്ടിക് തുറമുഖമായ ചർച്ചിൽ തുറമുഖം വീണ്ടും സജീവമാകുന്നത് രാജ്യത്തിന്റെ വ്യാപാര വൈവിധ്യവൽക്കരണത്തിന് നിർണായകമാണെന്ന് അധികൃതർ പറഞ്ഞു.
അമേരിക്കൻ വിപണിയെ മാത്രം ആശ്രയിക്കുന്നത് കുറച്ച് പുതിയ രാജ്യാന്തര വിപണികളിലേക്ക് കാനഡയ്ക്ക് പ്രവേശനം നേടാൻ തുറമുഖം സഹായിക്കുമെന്ന് നോർത്തേൺ അഫയേഴ്സ് മന്ത്രി റെബേക്ക ചാർട്രാൻഡ് പറഞ്ഞു.

ഈ വർഷം ചർച്ചിൽ തുറമുഖത്ത് ഏറ്റവും വൈവിധ്യമാർന്ന കപ്പൽ ഗതാഗത സീസണായിരിക്കുമെന്ന് ഉടമസ്ഥരായ ആർട്ടിക് ഗേറ്റ്‌വേ ഗ്രൂപ്പ് അറിയിച്ചു. ധാന്യത്തിന് പുറമെ സിങ്ക് കോൺസൻട്രേറ്റും ആദ്യമായി പൊട്ടാഷും കയറ്റുമതി ചെയ്യും. നുനാവട്ടിലേക്കുള്ള വിതരണ കപ്പലും തുറമുഖത്ത് നിന്ന് പുറപ്പെടും.
തുറമുഖത്തിന്റെ പ്രവർത്തനം വർധിപ്പിക്കുന്നതിനെ പ്രദേശവാസികൾ പൊതുവെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും കൂടുതൽ കപ്പൽ ഗതാഗതം പ്രാദേശിക വന്യജീവികളെയും പരിസ്ഥിതിയെയും ബാധിക്കുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
