പട്ന: നേപ്പാളിലെ പ്രളയത്തെ തുടർന്ന് ബിഹാറിലെ ഗന്ധക് ഉൾപ്പെടെയുള്ള നദികളിലും ജലാശയങ്ങളിലും അജ്ഞാതവും അപൂർവവുമായ മത്സ്യങ്ങൾ ഒഴുകിയെത്തിയതിനെ തുടർന്ന് ജാഗ്രതാ നിർദേശം. ഇത്തരം മത്സ്യങ്ങൾ കഴിച്ച ചിലർക്ക് ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്.
പ്രളയജലത്തിൽ നിന്ന് ലഭിക്കുന്നതോ ഇനം തിരിച്ചറിയാൻ കഴിയാത്തതോ ആയ മത്സ്യങ്ങളെ പിടിക്കുകയോ വിൽക്കുകയോ ഭക്ഷിക്കുകയോ ചെയ്യരുതെന്ന് ബിഹാർ മൃഗസംരക്ഷണ- ക്ഷീര-മത്സ്യവകുപ്പ് നിർദേശിച്ചു.

പ്രളയജലത്തിൽ കഴിഞ്ഞ മത്സ്യങ്ങൾ മാലിന്യങ്ങളുമായും ജീർണിച്ച മൃഗാവശിഷ്ടങ്ങളുമായും സമ്പർക്കത്തിൽ വന്നിരിക്കാമെന്നും ഇത് ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയ രോഗകാരികളുടെ സാന്നിധ്യത്തിന് കാരണമാകാമെന്നും അധികൃതർ വ്യക്തമാക്കി.
ഇത്തരം മത്സ്യം കഴിച്ച ശേഷം ഛർദി, വയറിളക്കം, കടുത്ത വയറുവേദന, തലചുറ്റൽ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ ആശുപത്രിയിൽ ചികിത്സ തേടണമെന്നും നിർദേശമുണ്ട്. തിരിച്ചറിയാൻ കഴിയാത്ത മത്സ്യങ്ങളെ കണ്ടെത്തിയാൽ ഫിഷറീസ് ഉദ്യോഗസ്ഥരെയോ പ്രാദേശിക ഭരണകൂടത്തെയോ അറിയിക്കാനും അധികൃതർ ആവശ്യപ്പെട്ടു.
