ടൊറന്റോ: കാനഡയിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ കനേഡിയൻ ടയർ കോർപ്പറേഷനും കഫേ ശൃംഖലയായ ടിം ഹോർട്ടൻസും ലോയൽറ്റി പ്രോഗ്രാമുകൾ പരസ്പരം ബന്ധിപ്പിച്ചു. ഉപഭോക്തൃ അടിത്തറ വിപുലീകരിക്കുകയും പരസ്പരം ഉപഭോക്താക്കളെ ആകർഷിക്കുന്നതും ലക്ഷ്യമിട്ടാണ് പുതിയ പങ്കാളിത്തം.
പുതിയ സംവിധാനത്തിലൂടെ ഉപഭോക്താക്കൾക്ക് തങ്ങളുടെ ‘ട്രയാംഗിൾ റിവാർഡ്സ്’ (Triangle Rewards), ‘ടിംസ് റിവാർഡ്സ്’ (Tims Rewards) അക്കൗണ്ടുകൾ ലിങ്ക് ചെയ്യാം. തിരഞ്ഞെടുത്ത ടിം ഹോർട്ടൻസ് പർച്ചേസുകൾക്ക് Tims പോയിന്റുകൾക്ക് പുറമെ 2 മുതൽ 5 ശതമാനം വരെ കനേഡിയൻ ടയർ മണി അധികമായി ലഭിക്കും. ഉപഭോക്താക്കളെ ഇരു ബ്രാൻഡുകളിലേക്കും ആകർഷിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
നിലവിൽ കനേഡിയൻ ടയറിന്റെ ട്രയാംഗിൾ റിവാർഡ്സ് അംഗങ്ങളിൽ 53 ശതമാനം പേരും ടിംസ് റിവാർഡ്സ് പ്രോഗ്രാമിലും അംഗങ്ങളാണ്. കനേഡിയൻ ടയറിന് ഏകദേശം 1.2 കോടി ട്രയാംഗിൾ റിവാർഡ്സ് അംഗങ്ങളും 1,600 സ്റ്റോറുകളുമുണ്ട്. അതേസമയം, ടിം ഹോർട്ടൻസിന് കാനഡയിൽ ഏകദേശം 80 ലക്ഷം ലോയൽറ്റി പ്രോഗ്രാം ഉപയോക്താക്കളും 4,000 റെസ്റ്റോറന്റുകളുമുണ്ട്.
ഉപഭോക്താക്കൾക്ക് ലഭിക്കുന്ന കനേഡിയൻ ടയർ മണിയുടെ അളവ് അവർ നടത്തുന്ന പർച്ചേസിനും ട്രയാംഗിൾ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നുണ്ടോ എന്നതിനും അനുസരിച്ചായിരിക്കും. ഈ റിവാർഡുകൾ കനേഡിയൻ ടയറിന് പുറമെ സ്പോർട്ട് ചെക്ക്, മാർക്ക്സ്, പാർട്ടി സിറ്റി തുടങ്ങിയ സ്ഥാപനങ്ങളിലും ഉപയോഗിക്കാം. ടിംസ് പോയിന്റുകൾ ഭക്ഷണ-പാനീയങ്ങൾ വാങ്ങുന്നതിനും ഉപയോഗപ്പെടുത്താം.
കനേഡിയൻ ടയറിന്റെയും ടിം ഹോർട്ടൻസിന്റെയും എക്സിക്യൂട്ടീവുകൾ പല ബോർഡുകളിലും ഒരുമിച്ച് പ്രവർത്തിക്കുന്നതും ഇരു കമ്പനികളും നിരവധി പരിപാടികൾക്ക് ഒരുമിച്ച് സ്പോൺസർഷിപ്പ് നൽകുന്നതും സഹകരണത്തിന് വഴിയൊരുക്കിയതായി വ്യക്തമാക്കി. ഇരു ബ്രാൻഡുകൾക്കും ഉപഭോക്താക്കൾക്ക് കൂടുതൽ മൂല്യം നൽകാൻ കഴിയുമെന്ന ആശയത്തിലാണ് പദ്ധതി രൂപപ്പെട്ടതെന്നും അധികൃതർ പറഞ്ഞു.

എന്നാൽ പദ്ധതിയെക്കുറിച്ച് വിപണി വിദഗ്ധർ സമ്മിശ്ര പ്രതികരണമാണ് പ്രകടിപ്പിക്കുന്നത്. ലോയൽറ്റി പ്രോഗ്രാമുകൾ ഇതിനകം തന്നെ നിരവധി ആയ സാഹചര്യത്തിൽ, ഉപഭോക്താക്കളെ ആകർഷിക്കുന്നതിലുപരി അധിക വിപണി വിഹിതം നേടാനുള്ള രണ്ട് പരമ്പരാഗത ബ്രാൻഡുകളുടെ ശ്രമമാണിതെന്ന് റീട്ടെയിൽ സ്ട്രാറ്റജി ഗ്രൂപ്പിന്റെ പ്രിൻസിപ്പലും സഹസ്ഥാപകയുമായ ലിസ അംലാനി വിലയിരുത്തി.
ഉപഭോക്താക്കൾക്ക് ലളിതവും സുതാര്യവും യഥാർഥത്തിൽ പ്രയോജനകരവുമായ ആനുകൂല്യം ലഭ്യമാക്കാൻ കഴിഞ്ഞില്ലെങ്കിൽ, പുതിയ പങ്കാളിത്തം ഉപഭോക്താക്കളേക്കാൾ കമ്പനികൾക്ക് കൂടുതൽ നേട്ടമുണ്ടാക്കുന്ന സംവിധാനമായി മാറാൻ സാധ്യതയുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
കനേഡിയൻ ടയർ ഏകദേശം ഒരു വർഷം മുമ്പ് പ്രഖ്യാപിച്ച പങ്കാളിത്തമാണ് ഇപ്പോൾ പ്രാബല്യത്തിൽ വന്നത്. ഇരു കമ്പനികളുടെയും ലോയൽറ്റി സംവിധാനങ്ങൾ സാങ്കേതികമായി ഏകോപിപ്പിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ലോഞ്ച്.
യുഎസ്–കാനഡ വ്യാപാര തർക്കവും പുതിയ താരിഫുകളും കാനഡയുടെ തിരിച്ചടി നടപടികളും നിലനിൽക്കുന്ന സാമ്പത്തിക സാഹചര്യത്തിലാണ് പദ്ധതി ആരംഭിച്ചതെങ്കിലും, സമയക്രമം യാദൃച്ഛികമാണെന്ന് കനേഡിയൻ ടയറിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡാരിൽ ജെൻകിൻസ് പറഞ്ഞു.
