ലാസ: പ്രളയത്തിന് പിന്നാലെ ടിബറ്റില്‍ ഭൂചലനവും. റിക്ടര്‍ സ്കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ സ്ഥിരീകരിച്ചു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഭൂമിക്കടിയില്‍ 10 കിലോമീറ്റര്‍ ആഴത്തിലാണ്. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും, നിലവിലുള്ള രക്ഷാപ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞയാഴ്ച നേപ്പാളിലും ടിബറ്റിലും മഞ്ഞുപാളി തകര്‍ന്നുണ്ടായ പ്രളയത്തില്‍ മരണം 1,273 ആയി ഉയര്‍ന്നു. നേപ്പാളില്‍ 1,252 പേരും ടിബറ്റില്‍ 21 പേരുമാണ് മരണപ്പെട്ടത്. 4,700-ലധികം പേരെ ഇനിയും കണ്ടെത്താനുണ്ട്. ഗതാഗത-വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകര്‍ന്നത് പര്വതമേഖലകളിലേക്കുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ വെല്ലുവിളിയാകുന്നുണ്ട്. നേപ്പാളിലെ ജലവൈദ്യുത പദ്ധതി തുരങ്കങ്ങളില്‍ കുടുങ്ങിയവര്‍ക്കായി സൈന്യവും രക്ഷാപ്രവര്‍ത്തകരും തിരച്ചില്‍ തുടരുകയാണ്.
