തിരുവനന്തപുരം: ചിറയിൻകീഴിൽ നടന്ന കയ്യാങ്കളിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംഎൽഎ രമ്യ ഹരിദാസിനെതിരെ തത്കാലം നടപടിയെടുക്കേണ്ടതില്ലെന്ന് കെപിസിസി തീരുമാനം. എംഎൽഎയുടെ ഭാഗം കൂടി കേട്ടശേഷം അന്തിമ റിപ്പോർട്ട് തയ്യാറാക്കിയാൽ മതിയെന്നാണ് നേതൃത്വത്തിന്റെ നിലപാട്.
സംഭവത്തിൽ രമ്യ ഹരിദാസിന്റെ വിശദീകരണം കൂടി തേടിയ ശേഷമായിരിക്കും തുടർനടപടികൾ തീരുമാനിക്കുക. ഇതോടെ വിഷയത്തിൽ അടിയന്തരമായി അച്ചടക്ക നടപടി ഉണ്ടാകില്ലെന്ന് വ്യക്തമായി.
അതിനിടെ, ഡൽഹിയിലാണെന്ന റിപ്പോർട്ടുകൾക്കിടെ രമ്യ ഹരിദാസ് പാലക്കാട്ടെത്തി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി. പാലക്കാട് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. രമ്യക്കെതിരായ നടപടി ഒഴിവാക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായിരുന്നു കൂടിക്കാഴ്ചയെന്നാണ് സൂചന.

ഇന്നലെ വൈകിട്ട് 7.30-ന് വിമാനത്തിൽ ഡൽഹിയിലെ കേരള ഹൗസിൽ എത്തുമെന്നായിരുന്നു രമ്യ ഹരിദാസ് അറിയിച്ചിരുന്നത്. എന്നാൽ ഇതിന് വിരുദ്ധമായി പാലക്കാട്ടെത്തിയാണ് കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയത്.
ചിറയിൻകീഴ് സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പാർട്ടി തലത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു. രമ്യ ഹരിദാസിന്റെ വിശദീകരണം കൂടി രേഖപ്പെടുത്തിയശേഷം റിപ്പോർട്ട് പൂർത്തിയാക്കി നേതൃത്വത്തിന് സമർപ്പിക്കാനാണ് തീരുമാനം.
