വാഷിംഗ്ടൺ: കനേഡിയൻ വിമാന നിർമാതാക്കളായ ബോംബാർഡിയറിനെതിരെ കടുത്ത നിലപാടുമായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയിൽ ഉൽപ്പാദനം നടത്താൻ തയ്യാറാകാത്ത പക്ഷം ബോംബാർഡിയറിന്റെ ഉൽപ്പന്നങ്ങൾക്ക് യു.എസ്. വിപണിയിൽ പ്രവേശനം അനുവദിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹം നിലപാട് അറിയിച്ചത്.

ബോംബാർഡിയറിന്റെ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തെയും ട്രംപ് വിമർശിച്ചു. കമ്പനിയുടെ വരുമാനത്തിന്റെ പകുതിയിലധികവും അമേരിക്കൻ വിപണിയിൽ നിന്നാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, അതേസമയം ഗൾഫ്സ്ട്രീം എയ്റോസ്പേസ് പോലുള്ള അമേരിക്കൻ കമ്പനികൾക്ക് കാനഡയിൽ വ്യാപാര തടസ്സങ്ങൾ നേരിടുന്നുവെന്നും ആരോപിച്ചു.
അമേരിക്കൻ വിപണി ഉപയോഗിക്കണമെങ്കിൽ അമേരിക്കയിൽ തന്നെ ഉൽപ്പാദനം നടത്തണമെന്ന സന്ദേശമാണ് ട്രംപ് നൽകിയത്. അമേരിക്കൻ കമ്പനികളോടും ഉപഭോക്താക്കളോടും ആഭ്യന്തര ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകാനും അദ്ദേഹം ആഹ്വാനം ചെയ്തു. കാനഡ അമേരിക്കൻ ബാങ്കുകൾക്കും കമ്പനികൾക്കും അന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുവെന്നും ട്രംപ് ആരോപിച്ചു.

ബോംബാർഡിയറിനെതിരായ ട്രംപിന്റെ പരാമർശം യു.എസ്.-കാനഡ വ്യാപാരബന്ധത്തിലെ സംഘർഷം വീണ്ടും രൂക്ഷമാക്കുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. വിമാന വ്യവസായം ഉൾപ്പെടെ ഇരുരാജ്യങ്ങളുടെയും നിർണായക വ്യവസായ മേഖലകളെ വ്യാപാര തർക്കം കൂടുതൽ ബാധിക്കുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.

