മസ്കറ്റ്: ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും നിക്ഷേപങ്ങൾ സുഗമമാക്കുന്നതിനുമായി ഒമാനും റുവാണ്ടയും എട്ട് പുതിയ കരാറുകളിൽ ഒപ്പുവെച്ചു. സലാലയിലെ അൽ ഹുസ്ൻ കൊട്ടാരത്തിൽ നടന്ന ചടങ്ങിലാണ് കരാറുകൾ ഒപ്പുവെച്ചത്.
നയതന്ത്ര, പ്രത്യേക പാസ്‌പോർട്ട് ഉടമകൾക്കുള്ള വീസ ഒഴിവാക്കൽ, ഇരട്ട നികുതി ഒഴിവാക്കൽ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുന്നതാണ് കരാറുകൾ. ഇതിന് പുറമെ കൃഷി, ലോജിസ്റ്റിക്സ്, ഡ്രൈ പോർട്ടുകളുടെയും കരമാർഗ തുറമുഖങ്ങളുടെയും വികസനം, സപ്ലൈ ചെയിൻ സേവനങ്ങൾ, നിക്ഷേപ പ്രോത്സാഹനം, തൊഴിൽ, തന്ത്രപ്രധാന സഹകരണം തുടങ്ങിയ മേഖലകളിൽ ആറ് ധാരണാപത്രങ്ങളും ഒപ്പുവെച്ചു.

റുവാണ്ടൻ പ്രസിഡന്റ് പോൾ കഗാമേയുടെ രണ്ട് ദിവസത്തെ ഒമാൻ സന്ദർശനത്തിന്റെ ഭാഗമായാണ് കരാറുകൾക്ക് രൂപം നൽകിയത്. ഒമാന്റെ സുൽത്താനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തികവും തന്ത്രപ്രധാനവുമായ സഹകരണം കൂടുതൽ വിപുലീകരിക്കുന്നതിനെക്കുറിച്ച് നേതാക്കൾ ചർച്ച ചെയ്തു.
ഖനനം, പുനരുപയോഗ ഊർജം, ഭക്ഷ്യസുരക്ഷ, തുറമുഖ വികസനം, ലോജിസ്റ്റിക്സ്, ആരോഗ്യസംരക്ഷണം തുടങ്ങിയ മേഖലകളിൽ സഹകരണത്തിനുള്ള സാധ്യതകളും ഇരുനേതാക്കളും വിലയിരുത്തി.
