ടൊറന്റോ: സോയ അലർജി ഉള്ളവർക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാവുന്ന സാഹചര്യം കണക്കിലെടുത്ത് കോസ്റ്റ്കോ കാനഡ ചില ചിക്കൻ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. ഉൽപ്പന്നത്തിൽ ലേബലിൽ രേഖപ്പെടുത്താത്ത സോയയുടെ സാന്നിധ്യത്തിനുള്ള സാധ്യത കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
റോസ്ഡൗൺ മീൽ സ്റ്റാർട്ടേഴ്സ് ബ്ലാക്ക് ഗാർലിക് ചിക്കൻ ബ്രെസ്റ്റ് ചങ്ക്സ് (Rossdown Meal Starters Black Garlic Chicken Breast Chunks) എന്ന ഉൽപ്പന്നമാണ് തിരിച്ചുവിളിച്ചത്. കോസ്റ്റ്കോ വെയർഹൗസുകളിൽ 2026 ഓഗസ്റ്റ് മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് ഉൽപ്പന്നം വിൽപ്പന നടത്തിയത്. 295021 ആണ് ഉൽപ്പന്നത്തിന്റെ ഐറ്റം നമ്പർ.2026 ഓഗസ്റ്റ് 10ന് നിർമിച്ച Lot No. 2461263, ഓഗസ്റ്റ് 19ന് നിർമിച്ച Lot No. 2461272 എന്നീ ബാച്ചുകളാണ് തിരിച്ചുവിളിച്ചതിൽ ഉൾപ്പെടുന്നത്.

സോയയോട് അലർജിയോ സെൻസിറ്റിവിറ്റിയോ ഉള്ളവർ ഉൽപ്പന്നം കഴിക്കരുതെന്ന് കോസ്റ്റ്കോ മുന്നറിയിപ്പ് നൽകി. അലർജിയുള്ളവർ അറിയാതെ ഉൽപ്പന്നം കഴിച്ചാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ജീവന് ഭീഷണിയായേക്കാമെന്നും അധികൃതർ അറിയിച്ചു.
തിരിച്ചുവിളിച്ച ഉൽപ്പന്നം കൈവശമുള്ള ഉപഭോക്താക്കൾക്ക് അത് ഏതെങ്കിലും കോസ്റ്റ്കോ വെയർഹൗസിൽ തിരികെ നൽകാം. പൂർണ തുക റീഫണ്ട് ആയി ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.
സോയ അലർജി ഇല്ലാത്ത ഉപഭോക്താക്കൾക്ക് പ്രത്യേക ആരോഗ്യ മുന്നറിയിപ്പ് ബാധകമല്ലെങ്കിലും, തിരിച്ചുവിളിച്ച ബാച്ചുകളിൽപ്പെട്ട ഉൽപ്പന്നങ്ങൾ ഉപയോഗിക്കാതെ തിരികെ നൽകാനാണ് കമ്പനിയുടെ നിർദേശം.
