തിരുവനന്തപുരം: തിരുവനന്തപുരം മലയിൻകീഴ് വിളവൂർക്കലിൽ ഒന്നരവയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയതായി പൊലീസ്. അഭിജിത്ത്–ക്രിസ്റ്റി ദമ്പതികളുടെ മകൾ ഇവാന (അന്ന) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അമ്മ ക്രിസ്റ്റിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മലയിൻകീഴ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ നിലയിൽ കുഞ്ഞിനെ വിളവൂർക്കൽ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ക്രിസ്റ്റിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

സംഭവത്തിന് പിന്നാലെ ക്രിസ്റ്റിക്കെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. തുടർന്ന് മലയിൻകീഴ് എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഏറെ പാടുപെട്ടാണ് ക്രിസ്റ്റിയെ പ്രതിഷേധക്കാരിൽ നിന്ന് മാറ്റി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.
