ബീജിങ്: ചൈനീസ് നഗരമായ ഗ്വാങ്ഷൂവില്‍ നിന്ന് ഡല്‍ഹിയിലേക്ക് ചൈന സതേണ്‍ എയര്‍ലൈന്‍സ് നേരിട്ടുള്ള വിമാന സര്‍വീസ് പുനരാരംഭിക്കുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി ഈ മാസം 21-നാണ് സര്‍വീസ് ആരംഭിക്കുന്നത്. കഴിഞ്ഞ ആറ് വര്‍ഷമായി നിര്‍ത്തിവെച്ചിരുന്ന സര്‍വീസാണിത്. ഈ പുതിയ റൂട്ട് നിലവില്‍ വരുന്നതോടെ ദക്ഷിണേഷ്യയിലെ എട്ട് റൂട്ടുകളിലായി കമ്പനിയുടെ പ്രതിവാര സര്‍വീസുകളുടെ എണ്ണം നൂറിലധികമാകും.

കോവിഡ് മഹാമാരിയും അതിന് പിന്നാലെയുണ്ടായ ഡോക്ലാം, ഗാല്‍വാന്‍ അതിര്‍ത്തി തര്‍ക്കങ്ങളും കാരണമാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നത്. എന്നാല്‍ 2026-ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമഗതാഗത ബന്ധം ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കപ്പെടുകയാണ്. ഇതിന്റെ ഭാഗമായി എയര്‍ ചൈന ബീജിംഗ്-ഡല്‍ഹി സര്‍വീസും, ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് കുന്മിംഗ്-കൊല്‍ക്കത്ത സര്‍വീസും പുനരാരംഭിച്ചിരുന്നു. ഇന്‍ഡിഗോയും ഈ മേഖലയില്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്.
