Saturday, September 12, 2026

ടൊറന്റോ പിയേഴ്സൺ വിമാനത്താവളത്തിലെ പരിശോധനാ കിയോസ്കുകൾ വീണ്ടും പ്രവർത്തനക്ഷമമായി

ടൊറന്റോ: കാനഡയിലെ ഏറ്റവും വലിയ വിമാനത്താവളമായ ടൊറന്റോ പിയേഴ്‌സൺ ഇന്റർനാഷണൽ എയർപോർട്ടിൽ തകരാറിലായ ബോർഡർ ഇൻസ്പെക്ഷൻ കിയോസ്കുകൾ (e-gates) വീണ്ടും പ്രവർത്തനക്ഷമമായി. സാങ്കേതിക തകരാറിനെത്തുടർന്ന് തടസ്സപ്പെട്ട കസ്റ്റംസ് പരിശോധനാ സംവിധാനങ്ങൾ പൂർണ്ണമായും പുനഃസ്ഥാപിച്ചതായി കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) അറിയിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 മണിയോടെയാണ് വിമാനത്താവളത്തിലെ പ്രൈമറി ഇൻസ്പെക്ഷൻ കിയോസ്കുകളുടെ പ്രവർത്തനം രാജ്യവ്യാപകമായി നിലച്ചത്. ടൊറന്റോ പിയേഴ്സണിലെ ടെർമിനൽ 1, ടെർമിനൽ 3 എന്നിവയുൾപ്പെടെ കാനഡയിലെ മറ്റ് പത്തോളം അന്താരാഷ്ട്ര വിമാനത്താവളങ്ങളെയും ഈ പ്രതിസന്ധി ബാധിച്ചിരുന്നു

യാത്രക്കാർ നേരിട്ടത് മണിക്കൂറുകളുടെ താമസം

കിയോസ്കുകൾ പെട്ടെന്ന് പ്രവർത്തനരഹിതമായതോടെ വിമാനത്താവളത്തിൽ കസ്റ്റംസ് ക്ലിയറൻസിനായി യാത്രക്കാരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. തുടർന്ന് ഉദ്യോഗസ്ഥർ യാത്രക്കാരുടെ വിവരങ്ങൾ നേരിട്ട് പരിശോധിച്ച് തുടങ്ങിയതോടെ അന്താരാഷ്ട്ര സർവീസുകളിൽ എത്തിയ യാത്രക്കാർക്ക് മണിക്കൂറുകളോളം ക്യൂവിൽ നിൽക്കേണ്ടി വന്നു.

കിയോസ്കുകൾ വീണ്ടും ഓൺലൈനായെങ്കിലും, നിലവിലെ തിരക്ക് പൂർണ്ണമായും മാറാൻ സമയമെടുക്കുമെന്നും യാത്രക്കാർക്ക് ചെറിയ രീതിയിലുള്ള താമസം പ്രതീക്ഷിക്കാമെന്നും വിമാനത്താവള അധികൃതർ വ്യക്തമാക്കി.

സൈബർ ആക്രമണമല്ലെന്ന് സ്ഥിരീകരണം

കിയോസ്കുകളുടെ പ്രവർത്തനം തടസ്സപ്പെട്ടത് സൈബർ ആക്രമണം മൂലമല്ലെന്നും, കേവലം സാങ്കേതിക പ്രശ്നം മാത്രമാണെന്നും കാനഡ ബോർഡർ സർവീസസ് ഏജൻസി വ്യക്തമാക്കി. വെള്ളിയാഴ്ച രാത്രിയോടെ തന്നെ പ്രശ്നം പരിഹരിക്കാൻ സാധിച്ചതായും അധികൃതർ അറിയിച്ചു. കസ്റ്റംസ് പരിശോധനകൾ വേഗത്തിലാക്കാൻ ആവശ്യമായ ജീവനക്കാരെ വിമാനത്താവളത്തിൽ അധികമായി വിന്യസിച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!