Sunday, September 13, 2026

’ജീവനക്കാരെ കുറ്റപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിക്കരുത്’; മുഖ്യമന്ത്രിക്കെതിരെ KSEB വർക്കേഴ്സ് അസോസിയേഷൻ

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണവും തുടരുന്നതിനിടെ മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ കെഎസ്ഇബി ജീവനക്കാരുടെ സംഘടനകളിൽ പ്രതിഷേധം ശക്തമാകുന്നു. തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് സർക്കാർ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയാണെന്ന് കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ആരോപിച്ചു.

വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് പകരം ജീവനക്കാരെ കുറ്റപ്പെടുത്തുന്ന സമീപനം അംഗീകരിക്കാനാകില്ലെന്ന് അസോസിയേഷൻ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പ്രസ്താവന അപലപനീയമാണെന്നും സംഘടന പ്രതികരിച്ചു.

ഇടത് അനുകൂല ഓഫീസർ സംഘടനയായ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷനും മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ രംഗത്തെത്തി. വസ്തുതകൾ കൃത്യമായി മനസ്സിലാക്കാതെയാണ് മുഖ്യമന്ത്രി പ്രതികരിച്ചതെന്നും ജീവനക്കാരുടെ ആത്മവീര്യം തകർക്കുകയും പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുകയും ചെയ്യുന്ന പ്രസ്താവനകൾ ഒഴിവാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

ചിലർ മൊത്തം കുളമാകട്ടെ എന്ന ലക്ഷ്യത്തോടെ അനാവശ്യമായി വൈദ്യുതി ഓഫ് ചെയ്യുകയാണെന്ന മുഖ്യമന്ത്രിയുടെ പരാമർശമാണ് ജീവനക്കാരുടെ സംഘടനകളെ ചൊടിപ്പിച്ചത്. വൈദ്യുതി പ്രതിസന്ധിയുടെ യഥാർഥ കാരണങ്ങൾ കണ്ടെത്തി ശാശ്വത പരിഹാരം കാണുകയാണ് വേണ്ടതെന്നും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

പവർകട്ട് ക്രിക്കറ്റ് ടർഫുകളെയും ബാധിക്കുന്നു

അതിനിടെ വൈദ്യുതി നിയന്ത്രണം ക്രിക്കറ്റ് ടർഫുകളെയും കാര്യമായി ബാധിച്ചു തുടങ്ങി. സാധാരണയായി ഒരു മണിക്കൂർ നേരത്തേക്ക് ടർഫ് ബുക്ക് ചെയ്ത് കളിക്കാനെത്തുന്നവരാണ് കൂടുതലായി പ്രതിസന്ധിയിലാകുന്നത്. വൈദ്യുതി നിയന്ത്രണം മൂലം കളിക്കാനുള്ള വിലപ്പെട്ട സമയം നഷ്ടപ്പെടുന്നതായാണ് പരാതി.

ദീർഘസമയത്തേക്ക് ഗ്രൗണ്ട് ബുക്ക് ചെയ്ത് എത്തുന്നവർക്ക് ചിലപ്പോൾ രണ്ട് തവണ വരെ പവർകട്ട് നേരിടേണ്ടിവരുന്ന സാഹചര്യവുമുണ്ട്. കഴിഞ്ഞ പത്ത് വർഷമായി കാര്യമായി അനുഭവപ്പെടാതിരുന്ന പവർകട്ട് ഇപ്പോൾ വീണ്ടും വ്യാപകമായതെങ്ങനെയെന്ന ചോദ്യവും ടർഫ് ഉടമകളും കളിക്കാരും ഉയർത്തുന്നുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!