ഡൽഹി: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ എല്ലാ ആശയങ്ങളോടും താൻ യോജിക്കുന്നില്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം. മലേഷ്യയിൽ സ്ത്രീകൾക്ക് തുല്യ അവകാശങ്ങൾ ഉറപ്പാക്കുന്നുണ്ടെന്ന കാര്യം കാന്തപുരത്തോട് നേരിട്ട് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അൻവർ ഇബ്രാഹിം നിലപാട് വ്യക്തമാക്കിയത്.
ഖുർആൻ ഉൾപ്പെടെയുള്ള മതഗ്രന്ഥങ്ങളെ മനസ്സിലാക്കുന്നതിൽ സംഭാവനകൾ നൽകിയ പരമ്പരാഗത മതപണ്ഡിതനാണ് കാന്തപുരമെന്ന് അൻവർ ഇബ്രാഹിം പറഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ എല്ലാ വീക്ഷണങ്ങളും തങ്ങൾ പങ്കുവയ്ക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും സൂചിപ്പിച്ചിട്ടുണ്ടെന്നും അൻവർ ഇബ്രാഹിം കൂട്ടിച്ചേർത്തു.
കാന്തപുരത്തെ കാണാനായി മലേഷ്യൻ പ്രധാനമന്ത്രി ഇന്ന് വൈകിട്ട് കോഴിക്കോട് എത്താനിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സ്ത്രീകളെക്കുറിച്ചുള്ള പരാമർശം വിവാദത്തിൽ
സ്ത്രീകൾ വീട്ടിൽ ഒതുങ്ങി ജീവിക്കണമെന്നും സ്ത്രീകൾ പൊതുരംഗത്തേക്ക് ഇറങ്ങിയാൽ വലിയ നാശത്തിന് കാരണമാകുമെന്നും നേരത്തെ കാന്തപുരം നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു. സ്ത്രീകൾ പൊതുരംഗത്തേക്ക് വരുന്നത് തടയുന്നത് അവരോടുള്ള ബഹുമാനം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൊച്ചിയിൽ നടന്ന കേരള മുസ്‌ലിം ജമാഅത്തിന്റെ ഹുബ്ബുറസൂൽ സമ്മേളനത്തിലായിരുന്നു പരാമർശം.
കാന്തപുരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. കാന്തപുരത്തിന്റെ നിലപാടിനെ സർക്കാരോ കോൺഗ്രസോ അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, 19-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യമാണ് 21-ാം നൂറ്റാണ്ടിൽ പറഞ്ഞതെന്നും വിമർശിച്ചിരുന്നു. ഇസ്‌ലാമിക ചരിത്രത്തെ പോലും തെറ്റായി വ്യാഖ്യാനിക്കുന്നതാണ് കാന്തപുരത്തിന്റെ പ്രസ്താവനയെന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു.
