Monday, September 14, 2026

പൊതുസ്ഥാപനങ്ങളില്‍ പ്രാര്‍ത്ഥന നിരോധിച്ച് കെബെക്ക്; മതേതരത്വ നിയമം പ്രാബല്യത്തില്‍

മണ്‍ട്രിയോള്‍: സെപ്റ്റംബര്‍ 1 മുതല്‍ പുതിയ മതേതരത്വ നിയമം പ്രാബല്യത്തില്‍ വന്നതോടെ പൊതുസ്ഥാപനങ്ങളില്‍ പ്രാര്‍ത്ഥനകള്‍ നിരോധിച്ച് കെബെക്ക്. ഏപ്രിലില്‍ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍വകലാശാലകള്‍, കോളേജുകള്‍, പൊതുഗതാഗത ഏജന്‍സികള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രാര്‍ത്ഥനാ മുറികള്‍ നിരോധിച്ചത്. കൂടാതെ, മുനിസിപ്പാലിറ്റിയുടെ പ്രത്യേക അനുമതിയില്ലാതെ പൊതുവഴികളിലും പാര്‍ക്കുകളിലും കൂട്ടപ്രാര്‍ത്ഥന നടത്തുന്നതും നിയമം മൂലം നിരോധിച്ചിട്ടുണ്ട്.

മതസ്വാതന്ത്ര്യത്തെയും കൂട്ടംകൂടാനുള്ള അവകാശത്തെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി വിവിധ മത-സിവില്‍ റൈറ്റ്‌സ് സംഘടനകള്‍ ഈ നിയമത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഈ നടപടി ജനങ്ങള്‍ക്കിടയില്‍ ഭിന്നത ഉണ്ടാക്കുമെന്ന് നാഷണല്‍ കൗണ്‍സില്‍ ഓഫ് കനേഡിയന്‍ മുസ്ലിംസ് വിമര്‍ശിച്ചു. ദുഃഖവെള്ളിയാഴ്ച ഘോഷയാത്രകള്‍ പോലുള്ള പരമ്പരാഗത ആഘോഷങ്ങളെ ഇത് ബാധിച്ചേക്കാമെന്ന് കത്തോലിക്കാ സഭയും മുന്നറിയിപ്പ് നല്‍കി.

മണ്‍ട്രിയാളിലെ പൊതുഗതാഗത ഏജന്‍സിയായ എസ്ടിഎമ്മില്‍ (STM) ജീവനക്കാര്‍ക്ക് ഇനി മുതല്‍ സ്ഥാപനത്തിന് ഉള്ളില്‍ എവിടെയും പ്രാര്‍ത്ഥിക്കാന്‍ അനുമതിയുണ്ടായിരിക്കില്ല. മുന്‍പ് യോഗ, ധ്യാനം, പ്രാര്‍ത്ഥന എന്നിവയ്ക്കായി ഉപയോഗിച്ചിരുന്ന നാല് വെല്‍നെസ് റൂമുകളില്‍ ഇനി ധ്യാനത്തിനും യോഗയ്ക്കും മാത്രമായിരിക്കും അനുമതി. ദൃശ്യമായ പ്രാര്‍ത്ഥനകള്‍ മാത്രമേ നിരീക്ഷിക്കാന്‍ കഴിയൂ എന്നും, നിയമം ലംഘിക്കുന്നവരോട് മാനുഷിക പരിഗണനയോടെ കാര്യങ്ങള്‍ വിശദീകരിക്കുമെന്നും എസ്ടിഎം വക്താവ് അറിയിച്ചു. പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹിക്കുന്ന ജീവനക്കാര്‍ക്ക് ശമ്പളമില്ലാത്ത ഇടവേളകളില്‍ ക്യാംപസിന് പുറത്തുപോകാമെന്നും കമ്പനി വ്യക്തമാക്കി.

സര്‍വകലാശാലകളിലും സമാനമായ മാറ്റങ്ങളാണ് നടപ്പിലാക്കുന്നത്. യൂണിവേഴ്‌സിറ്റി ഡി മണ്‍ട്രിയോളില്‍ (Université de Montréal) പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹിക്കുന്നവരോട് ക്യാംപസിന് പുറത്തുപോകാന്‍ ആവശ്യപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു. സര്‍വകലാശാലകളില്‍ മുന്‍പും പ്രത്യേക പ്രാര്‍ത്ഥനാ മുറികള്‍ ഉണ്ടായിരുന്നില്ലെന്നും, നിയമം പൂര്‍ണ്ണമായി പാലിക്കുമെന്നും യൂണിവേഴ്‌സിറ്റി ഡു കെബെക് അറ്റ് മണ്‍ട്രിയോളും വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!