വൻകൂവർ: ബ്രിട്ടീഷ് കൊളംബിയ തീരക്കടലിൽ മത്സ്യബന്ധന ബോട്ട് മുങ്ങി അപകടത്തിൽപ്പെട്ട രണ്ട് പേരെ ബിസി ഫെറീസ് ജീവനക്കാർ സാഹസികമായി രക്ഷപ്പെടുത്തി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ലോവർ മെയിൻലാൻഡിനും വൻകൂവർ ദ്വീപിനും ഇടയിലാണ് അപകടം നടന്നത്.
ഈ റൂട്ടിൽ സർവീസ് നടത്തിയിരുന്ന ‘സ്പിരിറ്റ് ഓഫ് ബ്രിട്ടീഷ് കൊളംബിയ’ (Spirit of British Columbia), ‘കോസ്റ്റൽ റെനൈസൻസ്’ (Coastal Renaissance) എന്നീ രണ്ട് വലിയ ഫെറി ബോട്ടുകളിൽ നിന്നുള്ള ജീവനക്കാരാണ് അടിയന്തര രക്ഷാപ്രവർത്തനം നടത്തിയത്. അപകട വിവരം അറിഞ്ഞയുടൻ ഇരു ഫെറികളിൽ നിന്നും പ്രത്യേക രക്ഷാബോട്ടുകൾ (Rescue Boats) കടലിലേക്ക് ഇറക്കി ഇവരെ സുരക്ഷിതമായി കരയ്ക്കടുപ്പിക്കുകയായിരുന്നു.

കടലിൽ നിന്നും പുറത്തെടുത്ത ഇവരെ ഉടൻ തന്നെ സവാസൻ (Tsawwassen) ടെർമിനലിൽ എത്തിച്ചു. അവിടെ മുൻകൂട്ടി സജ്ജമായിരുന്ന ബിസി എമർജൻസി ഹെൽത്ത് സർവീസസിന്റെ (BC Emergency Health Services) പാരാമെഡിക്കൽ സംഘം ഇവർക്ക് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
രക്ഷാപ്രവർത്തനത്തെ തുടർന്ന് ഞായറാഴ്ച കാനഡയിലെ തിരക്കേറിയ സവാസൻ (Tsawwassen) – സ്വാർട്സ് ബേ (Swartz Bay) റൂട്ടിലെയും, ഡ്യൂക്ക് പോയിന്റിലേക്കുമുള്ള പല ഫെറി സർവീസുകളും മണിക്കൂറുകളോളം വൈകിയാണ് ഒടുവിൽ സർവീസ് നടത്തിയത്. ബോട്ട് മുങ്ങാനുണ്ടായ കാരണം കണ്ടെത്താൻ ബി.സി കോസ്റ്റ് ഗാർഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
