കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തി. കോഴിക്കോട് തുലാ വെൽനസ് കേന്ദ്രത്തിലായിരുന്നു കൂടിക്കാഴ്ച. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
അഞ്ചുദിവസത്തെ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ അൻവർ ഇബ്രാഹിം കോഴിക്കോട് മർകസിലെ ഔദ്യോഗിക പരിപാടികളിലും പങ്കെടുത്തു. തുടർന്ന് മടവൂർ മഖാം സന്ദർശിക്കുകയും ചെയ്തു.

ഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്ക് ശേഷമാണ് മലേഷ്യൻ പ്രധാനമന്ത്രി കോഴിക്കോടെത്തിയത്. മാനുഷിക സേവനം, സാമൂഹിക പരിഷ്കരണം, വിദ്യാഭ്യാസ ഉന്നമനം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖർക്കായി ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ എക്സലൻസ് അവാർഡും അദ്ദേഹത്തിന് സമ്മാനിച്ചു. മർകസ് കൺവെൻഷൻ സെന്ററിൽ നടന്ന സ്വീകരണ സംഗമത്തിലായിരുന്നു പുരസ്കാര സമർപ്പണം.
