വിനിപെഗ്: മാനിറ്റോബയിൽ പൊതുഫണ്ട് ഉപയോഗിച്ച് നിർമിച്ച അത്യാധുനിക ഡേകെയർ കെട്ടിടം ഒരു കുട്ടിക്ക് പോലും പ്രവേശനം നൽകാതെ നാശത്തിന്റെ വക്കിൽ. ഈസ്റ്റ് സെന്റ് പോളിൽ (East St. Paul) 5.5 മില്യൺ ഡോളർ (ഏകദേശം 46 കോടി രൂപ) ചെലവഴിച്ച് നിർമ്മിച്ച കെട്ടിടമാണ് കഴിഞ്ഞ രണ്ട് വർഷമായി അടഞ്ഞുകിടക്കുന്നത്. ഉദ്യോഗസ്ഥരുടെ വീഴ്ചയും തർക്കങ്ങളും കാരണം നിലവിൽ സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ് ഈ കേന്ദ്രം.
തർക്കങ്ങളിൽ കുടുങ്ങിയ ഭാവി
പെഗ്വിസ് ഫസ്റ്റ് നേഷൻ റിയൽ എസ്റ്റേറ്റ് ട്രസ്റ്റിന് വേണ്ടിയാണ് ഈ ഡേകെയർ നിർമ്മിച്ചത്. എന്നാൽ കെട്ടിടം നിൽക്കുന്ന ഭൂമിയുടെ സബ്ഡിവിഷൻ പേപ്പർവർക്കുകൾ പൂർത്തിയാകാത്തതും ഉടമസ്ഥാവകാശ തർക്കങ്ങളുമാണ് പദ്ധതിക്ക് തിരിച്ചടിയായത്. ഇതിന് പുറമെ, നിർമ്മാണ കമ്പനിക്ക് നൽകാനുള്ള കോടികളുടെ കുടിശ്ശിക ബാക്കിയായതോടെ അവർ കെട്ടിടത്തിന്മേൽ നിയമപരമായ അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്. ബില്ലുകൾ അടയ്ക്കാത്തതിനെ തുടർന്ന് മാസങ്ങൾക്ക് മുൻപ് അധികൃതർ ഇവിടേക്കുള്ള വൈദ്യുതി ബന്ധവും വിച്ഛേദിച്ചു.

ലക്ഷങ്ങളുടെ മോഷണവും വെള്ളപ്പൊക്കവും
വൈദ്യുതി ഇല്ലാതായതോടെ ബേസ്മെന്റിലെ വെള്ളം പുറത്തേക്ക് പമ്പ് ചെയ്യുന്ന ‘സംപ് പമ്പ്’ പ്രവർത്തനരഹിതമായി. ഇതോടെ ബേസ്മെന്റിൽ വൻതോതിൽ വെള്ളം കെട്ടിക്കിടന്ന് കെട്ടിടത്തിന്റെ അടിത്തറയ്ക്ക് തന്നെ വലിയ കേടുപാടുകൾ സംഭവിച്ചു.സുരക്ഷാ ജീവനക്കാർ ഇല്ലാത്തതിന്റെ മറവിൽ സാമൂഹിക വിരുദ്ധർ ജനലുകൾ തകർത്ത് അകത്തുകയറി. ഡേകെയറിലുണ്ടായിരുന്ന വിലകൂടിയ കൊമേഴ്സ്യൽ ഫ്രിഡ്ജുകൾ, ഡിഷ് വാഷർ, എയർകണ്ടീഷണറുകൾ, കോപ്പർ വയറുകൾ എന്നിവയെല്ലാം മോഷ്ടിക്കപ്പെട്ടു. നിലവിലെ നാശനഷ്ടങ്ങൾ പരിഹരിക്കാൻ മാത്രം 1 മില്യൺ ഡോളറിലധികം (8 കോടിയിലധികം രൂപ) വീണ്ടും ചെലവഴിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ.
പ്രതിസന്ധിയിലായി രക്ഷിതാക്കൾ
കുട്ടികളെ നോക്കാൻ ഡേകെയർ സൗകര്യമില്ലാതെ പ്രദേശത്തെ മലയാളി കുടുംബങ്ങൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് രക്ഷിതാക്കൾ വലയുമ്പോഴാണ് ഈ ദുരവസ്ഥ. നിലവിൽ 600-ലധികം കുട്ടികളാണ് ഈ സെന്ററിൽ പ്രവേശനത്തിനായി വെയിറ്റിംങ് ലിസ്റ്റിലുള്ളത്. കൃത്യമായ തീയതി നിശ്ചയിക്കാൻ കഴിയാത്തതിനാൽ ഇവിടെ ജോലിക്ക് എടുത്ത ജീവനക്കാരെ മാനേജ്മെന്റിന് പിന്നീട് പിരിച്ചുവിടേണ്ടി വന്നിരുന്നു.
ഗവൺമെന്റിന്റെ ചുവപ്പുനാടകളും ഏകോപനമില്ലായ്മയും കാരണം പൊതുജനങ്ങളുടെ നികുതിപ്പണം എങ്ങനെയാണ് പാഴാകുന്നത് എന്നതിന്റെ വലിയൊരു ഉദാഹരണമായി ഈ സംഭവം കാനഡയിൽ ഇപ്പോൾ വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചയായി മാറിയിട്ടുണ്ട്.
