മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മുൻ മാനേജർ ദിഷ സാലിയന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തു. മുംബൈ ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചത്.
ശിവസേന നേതാവും എംഎൽഎയുമായ ആദിത്യ താക്കറെ, റോഹൻ റോയ്, നടന്മാരായ ഡിനോ മോറിയ, സൂരജ്, മുൻ പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാജെ, മുൻ മുംബൈ പൊലീസ് കമ്മീഷണർ പരംബീർ സിങ്, ഡിസിപി വിശാൽ താക്കൂർ, മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്നിവരുമായി ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങളാണ് എഫ്ഐആറിലുള്ളത്.ഗൂഢാലോചന, തെളിവുകൾ നശിപ്പിക്കൽ, വ്യാജ ആത്മഹത്യാ കഥ പ്രചരിപ്പിക്കൽ, അധികാര ദുർവിനിയോഗം തുടങ്ങിയ ആരോപണങ്ങളാണ് അന്വേഷണത്തിന്റെ ഭാഗമാക്കിയിരിക്കുന്നത്.

2020 ജൂൺ എട്ടിനാണ് മുംബൈയിലെ മാലാഡിലുള്ള ഒരു കെട്ടിട സമുച്ചയത്തിൽ ദിഷ സാലിയനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആറ് ദിവസത്തിന് ശേഷം, ജൂൺ 14ന് സുശാന്ത് സിങ് രാജ്പുതിനെയും മുംബൈയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ദിഷയുടെ മരണം ആത്മഹത്യയാണെന്നും സംഭവത്തിൽ ദുരൂഹതയില്ലെന്നുമായിരുന്നു മുംബൈ പൊലീസിന്റെ പ്രാഥമിക നിലപാട്.
എന്നാൽ ദിഷയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പിതാവ് സതീഷ് സാലിയൻ കോടതിയെ സമീപിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മൊഴിയുടെയും സമർപ്പിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് സിബിഐ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ ഉയർന്നിരിക്കുന്ന ആരോപണങ്ങളുടെ നിജസ്ഥിതി കണ്ടെത്തുന്നതിനായി സിബിഐ അന്വേഷണം തുടരുകയാണ്.
