ഓട്ടവ: കാനഡയിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് വലിയ ആശ്വാസമേകി ഓള്‍ഡ് ഏജ് സെക്യൂരിറ്റി (OAS) പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചു. 2026 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള നാലാം പാദത്തില്‍ 1.4 ശതമാനത്തിന്റെ വര്‍ധനയാണ് ഫെഡറല്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചത്. ജൂലൈയില്‍ ലഭിച്ച 1.2 ശതമാനം വര്‍ധനയേക്കാള്‍ കൂടുതലാണിത്. ഇതോടെ 2025 ഒക്ടോബര്‍ മുതല്‍ 2026 ഒക്ടോബര്‍ വരെയുള്ള കാലയളവിലെ മൊത്തം പെന്‍ഷന്‍ വളര്‍ച്ച 3.0 ശതമാനമായി ഉയര്‍ന്നു. ഒക്ടോബര്‍ 28 മുതല്‍ നല്‍കുന്ന വിതരണത്തില്‍ പുതിയ നിരക്ക് പ്രതിഫലിക്കും.
പുതിയ പരിഷ്‌കരണത്തോടെ 65 മുതല്‍ 74 വയസ്സ് വരെയുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് പരമാവധി പ്രതിമാസ പെന്‍ഷന്‍ $751.97 ഡോളറില്‍ നിന്ന് $762.50 ഡോളറായി ഉയരും. 75 വയസ്സും അതിനുമുകളിലുള്ളവര്‍ക്കുമുള്ള 10 ശതമാനം അധിക ആനുകൂല്യം തുടരുന്നതിനാല്‍ അവരുടെ പ്രതിമാസ പെന്‍ഷന്‍ $827.17 ഡോളറില്‍ നിന്ന് $838.75 ഡോളറായി വര്‍ധിക്കും. കൂടാതെ, കുറഞ്ഞ വരുമാനക്കാര്‍ക്കുള്ള ഗ്യാരണ്ടീഡ് ഇന്‍കം സപ്ലിമെന്റിലും (GIS) 1.4 ശതമാനം വര്‍ധനയുണ്ടാകും. ഇതോടെ അര്‍ഹരായ വ്യക്തികള്‍ക്ക് OAS, GIS എന്നിവ ചേര്‍ത്ത് പ്രതിമാസം $1,901 ഡോളര്‍ വരെ ലഭിക്കും.

സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ ഉപഭോക്തൃ വില സൂചിക (CPI) അടിസ്ഥാനമാക്കിയാണ് തുക പുതുക്കിയത്. പുതിയ നിരക്കിലുള്ള പെന്‍ഷന്‍ പെയ്മെന്റുകള്‍ ഒക്ടോബര്‍ 28, നവംബര്‍ 26, ഡിസംബര്‍ 22 എന്നീ തീയതികളില്‍ അക്കൗണ്ടുകളില്‍ എത്തും. ഇതില്‍ ഡിസംബറിലെ തുക ക്രിസ്മസ് പ്രമാണിച്ച് നേരത്തെ നല്‍കും. പണപ്പെരുപ്പം കുറഞ്ഞാലും പെന്‍ഷന്‍ തുക കുറയാതിരിക്കാന്‍ ‘ഡിഫ്‌ലേഷന്‍ സേഫ്ഗാര്‍ഡ്’ സംരക്ഷണം ലഭ്യമാണ്.
