ഓട്ടവ: കാലാവസ്ഥാ വ്യതിയാനങ്ങളും കുതിച്ചുയരുന്ന ഉല്‍പ്പാദനച്ചെലവും രാജ്യാന്തര വ്യാപാര തര്‍ക്കങ്ങളും കാരണം കാനഡയിലെ കര്‍ഷകര്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍. ആല്‍ബര്‍ട്ട ഉള്‍പ്പെടെയുള്ള പ്രയറി (Prairie) മേഖലകളില്‍ കൊയ്ത്തുകാലത്ത് പെയ്ത ശക്തമായ മഴ വിളവെടുപ്പിനെ സാരമായി ബാധിച്ചിരിക്കുകയാണ്. വേനല്‍ക്കാലത്ത് കടുത്ത വരള്‍ച്ചയും, തുടക്കത്തിലും ഒടുവിലും അനുഭവപ്പെട്ട മഴയും വിളകളുടെ ഗുണനിലവാരം കുറയ്ക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.
മധ്യപൂര്‍വേഷ്യന്‍ സംഘര്‍ഷങ്ങളും റഷ്യ-യുക്രെയ്ന്‍ യുദ്ധവും കാരണം ഡീസല്‍, വളം എന്നിവയുടെ വില കുതിച്ചുയര്‍ന്നതാണ് കര്‍ഷകരെ കൂടുതല്‍ ദുരിതത്തിലാക്കിയ മറ്റൊരു ഘടകം. കാനഡയില്‍ ഡീസല്‍ വില ലിറ്ററിന് 2.75 ഡോളറിന് മുകളിലെത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 80 ശതമാനത്തോളമാണ് വര്‍ധിച്ചത്. ഇതിനുപുറമെ, യു.എസ് ഭരണകൂടത്തിന്റെ പുതിയ താരിഫ് നയങ്ങളും ചൈനയുമായുള്ള വ്യാപാര തര്‍ക്കങ്ങളും കനേഡിയന്‍ കാര്‍ഷിക മേഖലയ്ക്ക് വലിയ അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ട്.

വലിയ തോതിലുള്ള മൂലധന ചിലവ് ഉണ്ടായിട്ടും പ്രതീക്ഷിച്ച വരുമാനം ലഭിക്കാത്തത് ചരിത്രത്തിലെ തന്നെ ഏറ്റവും കടുത്ത പ്രതിസന്ധിയാണെന്ന് കര്‍ഷക പ്രതിനിധികള്‍ വ്യക്തമാക്കുന്നു.
