കൊച്ചി: അബ്കാരി കേസില്‍ പ്രതിയായ ആന്റോ അഗസ്റ്റിന് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. വീട്ടില്‍ അനുവദനീയമായതില്‍ കൂടുതല്‍ മദ്യവും വ്യാജമദ്യവും സൂക്ഷിച്ച കേസില്‍ മാനന്തവാടി ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു ഇയാള്‍. നേരത്തെ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ആന്റോ അഗസ്റ്റിന്‍ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
മദ്യം പിടിച്ചെടുത്ത വയനാട് വാഴവറ്റയിലെ വീട് തന്റെ പേരിലുള്ളതല്ലെന്നും കേസില്‍പെട്ട സ്വത്താണെന്നുമാണ് ആന്റോ അഗസ്റ്റിന്‍ കോടതിയില്‍ വാദിച്ചത്. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും വീടിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, മുട്ടില്‍ പഞ്ചായത്തില്‍ നിന്ന് തെളിവുകള്‍ ശേഖരിച്ച് ഈ വാദങ്ങളെ എക്‌സൈസ് ചെറുത്തു. 2025-ലെ കെട്ടിടനികുതി 2026 മാര്‍ച്ചില്‍ അടച്ചതും, 2022-ല്‍ കെട്ടിടം ഹോംസ്റ്റേ ആയി മാറ്റാന്‍ അപേക്ഷ നല്‍കിയതുമടക്കമുള്ള രേഖകള്‍ എക്‌സൈസ് കോടതിയില്‍ ഹാജരാക്കി.

കൂടാതെ, റെയ്ഡ് നടന്ന വീട്ടിലെ 22 സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിആര്‍ മനഃപൂര്‍വം എടുത്തുമാറ്റിയ നിലയിലാണെന്നും എക്‌സൈസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ ലംഘിച്ചാണ് വീട് നിര്‍മ്മിച്ചിരിക്കുന്നതെന്നും എക്‌സൈസ് ചൂണ്ടിക്കാട്ടി. ആന്റോയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 138 കുപ്പികളിലായി സൂക്ഷിച്ച 67 ലിറ്റര്‍ അനധികൃത മദ്യം എക്‌സൈസ് പിടിച്ചെടുത്തിരുന്നു. ഇതില്‍ 12.75 ലിറ്റര്‍ വ്യാജമദ്യമാണെന്നും പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.
