തിരുവനന്തപുരം: സി-ഡിറ്റിൽ വിജിലൻസ് അന്വേഷണം. കഴിഞ്ഞ 10 വർഷത്തെ നിയമനങ്ങൾ ഉൾപ്പെടെ സ്ഥാപനത്തിലെ പ്രവർത്തനങ്ങൾ സമഗ്രമായി പരിശോധിക്കാൻ നിർദേശം നൽകി. പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
നിയമനങ്ങൾ, കരാറുകൾ, സാമ്പത്തിക ഇടപാടുകൾ എന്നിവ വിശദമായി പരിശോധിക്കാനാണ് ആഭ്യന്തരവകുപ്പ് വിജിലൻസിന് നിർദേശം നൽകിയത്. ഇതുസംബന്ധിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി.

കോൺഗ്രസ് നേതാക്കളായ ശരത് ചന്ദ്രപ്രസാദ്, എം. വിൻസെന്റ് എന്നിവർ നൽകിയ പരാതികൾക്ക് പിന്നാലെ ശശി തരൂർ എംപിയും മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. വ്യവസായ വകുപ്പുമായി കൂടിയാലോചിച്ച ശേഷമാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്.
മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ടിനെ തുടർന്നാണ് നടപടി. വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സി-ഡിറ്റിന്റെ ചെയർമാൻ മുഖ്യമന്ത്രി തന്നെയാണ്.
