ഓട്ടവ: കാനഡയില്‍ കുട്ടികളുടെ ജനപ്രിയ ബോര്‍ഡ് ബുക്കായ ‘ഐ സ്പൈ എ ഫ്ലൈ!’ (I Spy a Fly!) വിപണിയില്‍ നിന്ന് തിരിച്ചുവിളിച്ചു. ‘മേക് ബിലീവ് ഐഡിയാസ്’ (Make Believe Ideas) പുറത്തിറക്കിയ ‘ഗ്രൂവി ബേബി’ (Groovy Baby) പരമ്പരയിലെ പുസ്തകത്തിനെതിരെയാണ് ഹെല്‍ത്ത് കാനഡ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
കവര്‍ പേജില്‍ ഓറഞ്ച് വലയുള്ള പച്ച തവളയുടെ ചിത്രവും, അവസാന പേജില്‍ വലിയ കണ്ണുകളും തിളങ്ങുന്ന നാല് പ്ലാസ്റ്റിക് ചിറകുകളുമുള്ള ഒരു പര്‍പ്പിള്‍ ഈച്ചയുടെ ചിത്രവുമാണ് ഈ പുസ്തകത്തിലുള്ളത്. കുഞ്ഞുങ്ങള്‍ വലിക്കുമ്പോള്‍ അവസാന പേജിലെ പ്ലാസ്റ്റിക് ചിറകുകള് വേര്‍പെട്ടു വരാനും അത് കുട്ടികളുടെ തൊണ്ടയില്‍ കുടുങ്ങി അപകടമുണ്ടാക്കാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ചൈനയില്‍ നിര്‍മ്മിച്ച ഈ പുസ്തകം ISBN: 9781836422594 എന്ന നമ്പറിലാണ് അറിയപ്പെടുന്നത്. 2025 മാര്‍ച്ചിനും 2026 ജൂണിനും ഇടയില്‍ കാനഡയില്‍ ഇത്തരം 1,247 പുസ്തകങ്ങള്‍ വിറ്റഴിച്ചിട്ടുണ്ട്. നിലവില്‍ ഇതുവരെ അപകടങ്ങളോ പരുക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
