തിരുവനന്തപുരം: സൂര്യ കൃഷ്ണമൂര്‍ത്തിയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. കേരളത്തിന്റെ സാംസ്‌കാരിക ഭൂപടത്തെ ലോകത്തിന്റെ നെറുകയില്‍ പ്രതിഷ്ഠിച്ച ബഹുമുഖ പ്രതിഭയായിരുന്നു സൂര്യ കൃഷ്ണമൂര്‍ത്തിയെന്ന് വി.ഡി. സതീശന്‍. ശാസ്ത്രത്തിന്റെയും കലയുടെയും അപൂര്‍വ്വവും സുന്ദരവുമായ സമന്വയമായിരുന്നു അദ്ദേഹത്തിന്റെ ജീവിതമെന്ന് അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനത്തില്‍ (ISRO) ശാസ്ത്രജ്ഞനായി രണ്ടു പതിറ്റാണ്ടിലേറെ സേവനമനുഷ്ഠിച്ച ശേഷമാണ് അദ്ദേഹം പൂര്‍ണ്ണമായും കലാരംഗത്തേക്ക് കടന്നുവന്നത്. ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിനൊപ്പം ശാസ്ത്രലോകത്ത് പ്രവര്‍ത്തിച്ച അതേ കൃത്യതയും കാഴ്ചപ്പാടും തന്നെയാണ് അദ്ദേഹം പിന്നീട് സാംസ്‌കാരിക മണ്ഡലത്തിലും പുലര്‍ത്തിയത്.

1977-ല്‍ ആരംഭിച്ച ‘സൂര്യ ഫെസ്റ്റിവല്‍’ ഇന്ന് മുപ്പതിലധികം രാജ്യങ്ങളിലേക്ക് പടര്‍ന്നുപന്തലിച്ച് ഭാരതീയ കലകളുടെ വസന്തമായി മാറി. ഏഷ്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സാംസ്‌കാരിക മേളയെന്ന നിലയില്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ച ‘സൂര്യ’, കേരളത്തിന് ലോക സാംസ്‌കാരിക ഭൂപടത്തില്‍ വലിയ പദവിയാണ് നല്‍കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മലയാള നാടകവേദിയില്‍ സാങ്കേതികതയുടെയും ഭാവുകത്വത്തിന്റെയും പുതിയ തരംഗങ്ങള്‍ സൃഷ്ടിച്ച വിപ്ലവകാരിയായിരുന്നു അദ്ദേഹം. ശബ്ദവും വെളിച്ചവും സമന്വയിപ്പിച്ച് അദ്ദേഹം ഒരുക്കിയ രംഗാവതരണങ്ങള്‍ ഇന്ത്യന്‍ നാടകചരിത്രത്തിലെ തന്നെ പുതിയ അധ്യായങ്ങളായിരുന്നു. കലയെ ജനകീയമാക്കുന്നതിലും, കലാകാരന്മാര്‍ക്ക് അന്താരാഷ്ട്ര വേദികള്‍ ഒരുക്കുന്നതിലും അദ്ദേഹം കാണിച്ച പ്രതിബദ്ധത വരുംതലമുറകള്‍ക്ക് മാതൃകയാണെന്നും, കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
