Wednesday, September 23, 2026

18 മില്യണിലധികം ചിലവഴിക്കും; ജീവനക്കാരെ തിരികെ എത്തിക്കാന്‍ ഫെഡറല്‍ സ്ഥാപനങ്ങള്‍

ഓട്ടവ: ഫെഡറല്‍ സര്‍ക്കാരിന്റെ കീഴിലുള്ള വിവിധ വകുപ്പുകളും ഏജന്‍സികളും തങ്ങളുടെ ജീവനക്കാരെ തിരികെ ഓഫീസിലേക്ക് എത്തിക്കുന്നതിനായി 18 മില്യണ്‍ ഡോളറിലധികം ചെലവഴിക്കാന്‍ ഒരുങ്ങുന്നു. ആഴ്ചയില്‍ നാല് ദിവസമെങ്കിലും ഓഫീസുകളിലെത്തി ജോലി ചെയ്യണമെന്ന് നിര്‍ബന്ധമാക്കുന്ന പുതിയ തൊഴില്‍ ക്രമം നടപ്പിലാക്കിയതിനെ തുടര്‍ന്നാണ് ഈ വന്‍തുക അടിസ്ഥാന സൗകര്യങ്ങള്‍ക്കായി വിനിയോഗിക്കുന്നത്.

എന്‍.ഡി.പി (NDP) എം.പി ഹെതര്‍ മക്‌ഫേഴ്‌സണ്‍ സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് വിവിധ വകുപ്പുകള്‍ ചെലവ് വിവരങ്ങള്‍ വ്യക്തമാക്കിയത്. ജീവനക്കാരുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസരിച്ച് ഓഫീസ് മുറികള്‍ പുനഃക്രമീകരിക്കുന്നതിനും പുതിയ സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനുമായി 13 ഫെഡറല്‍ ഓര്‍ഗനൈസേഷനുകള്‍ ചേര്‍ന്ന് ആകെ 18,720,150 ഡോളര്‍ ചെലവഴിക്കുമെന്ന് മറുപടിയില്‍ പറയുന്നു.

പ്രധാന വകുപ്പുകളുടെ ചെലവുകള്‍:

ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ഇക്കണോമിക് ഡെവലപ്മെന്റ് കാനഡ: 5.7 മില്യണ്‍ ഡോളര്‍ (ഏറ്റവും കൂടുതല്‍ ചെലവ്).

ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍സ് കാനഡ: 4.2 മില്യണ്‍ ഡോളര്‍.

കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി (CBSA): 3.9 മില്യണ്‍ ഡോളര്‍.

കറക്ഷണല്‍ സര്‍വീസ് ഓഫ് കാനഡ: 1.37 മില്യണ്‍ ഡോളര്‍.

അതേസമയം, ചില വകുപ്പുകള്‍ ഓഫീസ് പുനഃസംഘടനയ്ക്കായി അധിക തുക ചെലവഴിക്കുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പബ്ലിക് സര്‍വീസസ് ആന്‍ഡ് പ്രൊക്യുര്‍മെന്റ് കാനഡ ഉള്‍പ്പെടെയുള്ള മറ്റ് ചില ഏജന്‍സികള്‍ ആവശ്യമായ തുകയുടെ അന്തിമ വിലയിരുത്തല്‍ നടത്തിവരികയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!