ഓട്ടവ: കാനഡയ്‌ക്കെതിരെ യുഎസ് സൈനിക അധിനിവേശം ഉണ്ടായേക്കാവുന്ന അടിയന്തര സാഹചര്യം മുന്‍കൂട്ടി കണ്ട് കാനഡ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നതായി റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ഈ കാര്യം വ്യക്തമാക്കിയത്. ഇത് ഒരു സാധാരണ സംഭവവികാസമല്ലെങ്കിലും ഇത്തരം കാര്യങ്ങളില്‍ മുന്‍കരുതല്‍ എടുക്കാതിരിക്കുന്നത് ഉത്തരവാദിത്തമില്ലായ്മയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റിസ്‌ക് മാനേജ്‌മെന്റിന്റെ ഭാഗമായാണ് ഈ നിരീക്ഷണങ്ങളെന്നും കാര്‍ണി വ്യക്തമാക്കി.
ഡോണള്‍ഡ് ട്രംപിന്റെ നയങ്ങള്‍ക്കെതിരെയും അമേരിക്കയുമായുള്ള കാനഡയുടെ ആശ്രയത്വം കുറയ്ക്കുന്നതിനെക്കുറിച്ചും മാര്‍ക്ക് കാര്‍ണി തുറന്നടിച്ചു. അമേരിക്കയുമായുള്ള സൈനിക, സാങ്കേതിക ബന്ധങ്ങളിലെ ആശ്രയത്വം കുറയ്ക്കാനാണ് കാനഡയുടെ നീക്കം. ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് സംവിധാനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്നും ചൈനയുമായുള്ള സാമ്പത്തിക ബന്ധം വിപുലീകരിക്കാന്‍ വഴികള്‍ തേടുമെന്നും കാര്‍ണി പറഞ്ഞു. എന്നാല്‍, ഭാവിയില്‍ മറ്റൊരു യു.എസ് പ്രസിഡന്റ് വരുമ്പോള്‍ മികച്ച പങ്കാളിയാകാന്‍ ഈ നടപടികള്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

F-35 യുദ്ധവിമാന കരാര്‍ പുനഃപരിശോധനയില്‍
അമേരിക്കയില്‍ നിന്ന് 88 F-35 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ കാനഡ പുനഃപരിശോധിക്കുകയാണെന്നും കാര്‍ണി സ്ഥിരീകരിച്ചു. ഇതിന് പകരമായി സ്വീഡന്റെ സാബ് ഗ്രിപ്പന്‍ (Saab Gripen) യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതും പരിഗണനയിലുണ്ട്. കാനഡയുടെ സുരക്ഷാ ആവശ്യങ്ങളും സാമ്പത്തിക ലാഭവും മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം. 16 F-35 വിമാനങ്ങള്‍ വാങ്ങാന്‍ കാനഡ നേരത്തെ കരാറൊപ്പിട്ടിരുന്നെങ്കിലും, ട്രംപ് ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചതോടെ ബാക്കി 72 വിമാനങ്ങളുടെ കരാര്‍ പുനഃപരിശോധിക്കാന്‍ ഉത്തരവിടുകയായിരുന്നു.
ന്യൂയോര്‍ക്കില്‍ യൂറോപ്യന്‍ യൂണിയന്റെ ധനസഹായത്തോടെ സംഘടിപ്പിച്ച ‘ഓഷ്യന്‍ഐ’ (OceanEye) നിരീക്ഷണ സംവിധാനത്തിന്റെ ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് കാര്‍ണി മാധ്യമങ്ങളോട് സംസാരിച്ചത്.
