ടൊറന്റോ: മറൈന്‍ലാഡില്‍ (Marineland) നിന്ന് സ്പെയിനിലെ ഓഷ്യനോഗ്രാഫിക്കിലേക്ക് (Oceanografic Valencia) മാറ്റിയ ‘എക്കോ’ (Echo) എന്ന പെണ്‍ ഡോള്‍ഫിന്‍ ചത്തു. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളും ഭക്ഷണം വിഴുങ്ങാനുള്ള തടസ്സവും നേരിട്ടതിനെ തുടര്‍ന്ന് വെറ്ററിനറി സംഘം തീവ്രപരിചരണം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാഴ്ചയില്ലാത്തതും ഏകദേശം 20 വയസ്സിലധികം പ്രായമുള്ളതുമായിരുന്നു ഈ ബ്ലാക്ക് സീ ബോട്ടില്‍നോസ് ഇനത്തില്‍പ്പെട്ട ഡോള്‍ഫിന്‍.
കഴിഞ്ഞ ഓഗസ്റ്റ് 26-നാണ് കാനഡയിലെ നയാഗ്ര ഫാള്‍സിന് സമീപമുള്ള മറൈന്‍ലാന്റില്‍ നിന്ന് 19 മണിക്കൂര്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍ എക്കോ ഉള്‍പ്പെടെയുള്ള നാല് ഡോള്‍ഫിനുകളെയും രണ്ട് ബെലുഗ തിമിംഗലങ്ങളെയും സ്പെയിനിലേക്ക് മാറ്റിയത്. കഴിഞ്ഞ ആഴ്ച ഇവയിലൊന്നായ ‘ജെല്ലി ബീന്‍’ എന്ന ബെലുഗ തിമിംഗലവും ചത്തിരുന്നു.

കഴിഞ്ഞ വേനല്‍ക്കാലത്ത് മറൈന്‍ലാന്‍ഡില്‍ നിന്ന് വിവിധ രാജ്യങ്ങളിലെ അഞ്ച് പാര്‍ക്കുകളിലേക്ക് മാറ്റിയ 30 ബെലുഗകളില്‍ 4 എണ്ണവും ഒരു ഡോള്‍ഫിനും ഇതുവരെ ചത്തു. ചിക്കാഗോയിലെ ഷെഡ് അക്വേറിയത്തിലേക്ക് (Shedd Aquarium) മാറ്റിയ മൂന്ന് ബെലുഗ തിമിംഗലങ്ങളും അവിടുത്തെ പ്രാദേശിക തിമിംഗലവും ഇതില്‍ ഉള്‍പ്പെടുന്നു.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 2024-ല്‍ അടച്ചുപൂട്ടിയ മറൈന്‍ലാന്‍ഡിലെ ജീവികളെ പരിചരിക്കാന്‍ പണമില്ലെന്നും മറ്റ് പാര്‍ക്കുകളിലേക്ക് മാറ്റാന്‍ സാധിച്ചില്ലെങ്കില്‍ അവയെ ദയാവധത്തിന് വിധേയമാക്കേണ്ടി വരുമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. മുന്‍പ് ചൈനയിലെ ഷിമേലോങ് ഓഷ്യന്‍ കിങ്ഡത്തിലേക്ക് ഇവയെ മാറ്റാന്‍ തീരുമാനിച്ചിരുന്നെങ്കിലും കാനഡയിലെ ഫിഷറീസ് മന്ത്രി ജോ ആന്‍ തോംസണ്‍ അത് തടഞ്ഞു. ചൈനയില്‍ ജീവികളുടെ സംരക്ഷണത്തിനായുള്ള കടുപ്പമേറിയ നിയമങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
തുടര്‍ന്നാണ് അമേരിക്കന്‍, സ്പാനിഷ് അക്വേറിയങ്ങളുടെ സഹായത്തോടെ ജീവികളെ മാറ്റാന്‍ നടപടിയായത്. വിദഗ്ദ്ധ പരിശോധനകള്‍ക്ക് ശേഷമാണ് മൃഗങ്ങളെ മാറ്റിയതെങ്കിലും തുടര്‍ച്ചയായ മരണങ്ങളില്‍ ഷെഡ് അക്വേറിയവും ഓഷ്യനോഗ്രാഫിക്കും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
