വന്‍കൂവര്‍: സമുദ്ര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി 1.2 ബില്യണ്‍ ഡോളറിന്റെ ഫെഡറല്‍ ധനസഹായം പ്രഖ്യാപിച്ച് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. നോര്‍ത്ത് വന്‍കൂവറില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹം നിര്‍ണായക പ്രഖ്യാപനം നടത്തിയത്. വന്‍കിട വികസന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ കടലില്‍ കപ്പലുകളുടെ ഗതാഗതം വര്‍ധിക്കുമെന്നും ഇത് ജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് വലിയ ഭീഷണിയാകുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അപകടങ്ങള്‍ ഉണ്ടായാല്‍ പോലും സമുദ്രജീവികളെ സുരക്ഷിതമായി സംരക്ഷിക്കാന്‍ തക്കവിധം സംവിധാനങ്ങള്‍ വിപുലീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രഖ്യാപിച്ച പുതിയ ഫണ്ട് ഉപയോഗിച്ച് സമുദ്ര ഗതാഗതം നിരീക്ഷിക്കാന്‍ കനേഡിയന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ശേഷി വര്‍ധിപ്പിക്കുകയും തീരദേശ കാലാവസ്ഥാ പ്രവചന സംവിധാനം വിപുലീകരിക്കുകയും ചെയ്യും. എണ്ണച്ചോര്‍ച്ച ഉണ്ടായാല്‍ തിമിംഗലങ്ങള്‍ ഉള്‍പ്പെടെയുള്ള സമുദ്രജീവികളെ രക്ഷിക്കാനുള്ള പ്രത്യേക പദ്ധതിയും നടപ്പിലാക്കും.

കൂടാതെ, തിരച്ചില്‍-രക്ഷാപ്രവര്‍ത്തന കേന്ദ്രങ്ങള്‍ നവീകരിക്കുകയും സമുദ്ര അടിത്തട്ട് മാപ്പ് ചെയ്യല്‍, മത്സ്യബന്ധന സംരക്ഷണം എന്നിവ ശക്തമാക്കുകയും ചെയ്യും. മത്സ്യബന്ധന സുരക്ഷയ്ക്കായി ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള ആധുനിക ഉപകരണങ്ങള്‍ വാങ്ങാന്‍ 90 മില്യണ്‍ ഡോളറാണ് വകയിരുത്തിയിരിക്കുന്നത്.
വംശനാശഭീഷണി നേരിടുന്ന സൗത്തേണ്‍ റെസിഡന്റ് കൊലയാളി തിമിംഗലങ്ങളെയും (Orcas) മറ്റു ജീവികളെയും ജലാന്തര ശബ്ദമലിനീകരണത്തില്‍ നിന്ന് സംരക്ഷിക്കാന്‍ 100 മില്യണ്‍ ഡോളര്‍ നല്‍കും. തുറമുഖ വികസന വേളയില്‍ ഏതെങ്കിലും തിമിംഗലം നിര്‍മ്മാണ സ്ഥലത്തിന് സമീപത്തെത്തിയാല്‍ ജോലികള്‍ ഉടന്‍ നിര്‍ത്തിവെക്കണമെന്ന കര്‍ശന വ്യവസ്ഥയും കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. കൂടാതെ ഗ്രേറ്റ് ബെയര്‍ സീ മേഖലയിലെ തദ്ദേശീയ പങ്കാളിത്തത്തോടുകൂടിയ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി 186 മില്യണ്‍ ഡോളറും വകയിരുത്തിയിട്ടുണ്ട്.
ആല്‍ബര്‍ട്ടയില്‍ നിന്ന് ബ്രിട്ടീഷ് കൊളംബിയ തീരത്തേക്ക് നിര്‍ദ്ദേശിച്ചിട്ടുള്ള പുതിയ പൈപ്പ്ലൈന് പദ്ധതി ദേശീയ പ്രാധാന്യമുള്ള ഒന്നായി പ്രഖ്യാപിക്കുന്നതിലെ അന്തിമ തീരുമാനത്തിന് തൊട്ടുമുമ്പാണ് ഈ പ്രഖ്യാപനം. ഈ പദ്ധതി രാജ്യത്തുടനീളം ഒന്നര ലക്ഷത്തോളം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അമേരിക്കയെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്നും കാര്‍ണി വ്യക്തമാക്കി. ‘വികസനത്തിനൊപ്പം സംരക്ഷണം’ എന്ന നയമാണ് തന്റെ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കിയ കാര്‍ണി, പാരിസ്ഥിതികമായി വന്‍ ആഘാതമുണ്ടാക്കുന്ന പ്രദേശങ്ങള്‍ ഒഴിവാക്കിയാകും പൈപ്പ്ലൈന് നിര്‍മ്മിക്കുകയെന്നും ഉറപ്പുനല്‍കി.
അതേസമയം, തുറമുഖ വികസനത്തിനായി നീക്കിവെച്ച 10 ബില്യണ്‍ ഡോളറുമായി താരതമ്യപ്പെടുത്തുമ്പോള്‍ സമുദ്ര സംരക്ഷണത്തിനായുള്ള 1.2 ബില്യണ്‍ ഡോളര്‍ തികച്ചും തുച്ഛമാണെന്ന് ചൂണ്ടിക്കാട്ടി പരിസ്ഥിതി സംഘടനയായ ‘വൈല്‍ഡര്‍നെസ് കമ്മിറ്റി’ രംഗത്തെത്തി. എന്നാല്‍, കപ്പല്‍ ഗതാഗതം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സുരക്ഷിതമായ സമുദ്ര പരിസ്ഥിതി ഉറപ്പാക്കാന്‍ ഈ നീക്കം സഹായിക്കുമെന്ന് പ്രദേശവാസികളായ തദ്ദേശീയ സമൂഹ കൂട്ടായ്മയായ ‘കോസ്റ്റല്‍ ഫസ്റ്റ് നേഷന്‍സ്’ സ്വാഗതം ചെയ്തു.
