Wednesday, September 30, 2026

ഇന്റര്‍ലേക്കില്‍ ഗാര്‍ട്ടര്‍ പാമ്പുകളുടെ ശല്യം രൂക്ഷമാകുന്നു; ഭീതിയില്‍ ജനങ്ങള്‍

മാനിറ്റോബ: മനിറ്റോബയിലെ ഇന്റര്‍ലേക്ക് മേഖലയിലുള്ള എറിക്‌സ്‌ഡെയ്ല്‍ ഗ്രാമത്തില്‍ ഗാര്‍ട്ടര്‍ ഇനത്തില്‍പ്പെട്ട പാമ്പുകളുടെ ശല്യം രൂക്ഷമാകുന്നു. സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത വിധം പ്രദേശമാകെ പാമ്പുകളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് നാട്ടുകാര്‍ വ്യക്തമാക്കുന്നു. വീടുകളിലും സ്ഥാപനങ്ങളിലും പൊതുവഴികളിലുമെല്ലാം പാമ്പുകള്‍ കൂട്ടത്തോടെ ഇറങ്ങിത്തുടങ്ങിയതായി നാട്ടുകാര്‍ പരാതിപ്പെടുന്നു.

കഴിഞ്ഞ രണ്ടാഴ്ചയായി പാമ്പുകളെ പിടിച്ചു മാറ്റുന്നത് തങ്ങളുടെ ദിനചര്യയായി മാറിയിരിക്കുകയാണെന്ന് എറിക്‌സ്‌ഡെയ്ല്‍ കേര്‍ലിംഗ് ക്ലബ് പ്രസിഡന്റ് ലാറി വെതര്‍ബേണ്‍ പറഞ്ഞു. പ്രദേശത്തെ കേര്‍ലിങ് റിങ്കില്‍ നിന്ന് മാത്രം ഒരു ദിവസം മുപ്പതോളം പാമ്പുകളെ വരെ മാറ്റിയിട്ടുണ്ടെന്നും, ചില സമയങ്ങളില്‍ ഇവ കടിക്കാന്‍ വരാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌കൂള്‍ ബോര്‍ഡ് ഓഫീസ്, ലിന്‍ഡെല്‍ മനോര്‍, പ്രാദേശിക സംഗീത ഷോപ്പ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പാമ്പുകള്‍ കയറിക്കൂടിയിട്ടുണ്ട്. കഴിഞ്ഞ 79 വര്‍ഷമായി എറിക്‌സ്‌ഡെയ്ലില്‍ ജീവിക്കുന്ന വെതര്‍ബേണ്‍, പ്രദേശത്ത് പാമ്പുകള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രയധികം പെരുകുന്നത് ഇതാദ്യമായിട്ടാണെന്ന് സാക്ഷ്യപ്പെടുത്തുന്നു.

വന്യജീവി സംരക്ഷണ നിയമപ്രകാരം (Wildlife Act) ഗാര്‍ട്ടര്‍ പാമ്പുകള്‍ സംരക്ഷിത വിഭാഗത്തില്‍പ്പെടുന്ന ജീവികളായതിനാല്‍ അവയെ കൊല്ലാനോ തദ്ദേശ ഭരണകൂടത്തിന് നേരിട്ട് നടപടിയെടുക്കാനോ സാധിക്കില്ലെന്ന് വെസ്റ്റ് ഇന്റര്‍ലേക്ക് റൂറല്‍ മുന്‍സിപ്പാലിറ്റി ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഗാരി കാംബെല്‍ അറിയിച്ചു. ആളുകളുടെ വീടുകളിലേക്കും പരിസരത്തെ സ്‌കൂളുകളിലേക്കും വരെ ഇവ ഇഴഞ്ഞു കയറുന്നുണ്ടെന്നും തണുപ്പ് കൂടുമ്പോള്‍ മാത്രമേ ഇവ പോകാന്‍ സാധ്യതയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓരോ വസന്തകാലത്തും ശരത്കാലത്തും റെഡ്-സൈഡഡ് ഗാര്‍ട്ടര്‍ പാമ്പുകളുടെ വന്‍തോതിലുള്ള കുടിയേറ്റം നടക്കാറുള്ള മേഖലയാണിത്. കെട്ടിടങ്ങളുടെ തറയിലെ വിള്ളലുകള്‍ അടയ്ക്കുക, പുല്‍ത്തകിടികള്‍ സമയാസമയം വെട്ടി നിര്‍ത്തുക, ചവറുകൂനകള്‍ മാറ്റുക എന്നിവയിലൂടെ പാമ്പുകള്‍ താവളമാക്കുന്നത് തടയാനാകുമെന്ന് മാനിറ്റോബ കണ്‍സര്‍വേഷന്‍ അധികൃതര്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!