കോഴിക്കോട്: അപകടകരമായ രീതിയില്‍ വാഹനമോടിച്ച് പിടിയിലായ പ്രമുഖ യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ കാറില്‍ നിന്ന് തോക്കും മദ്യക്കുപ്പികളും കണ്ടെടുത്തു. നടക്കാവ് പോലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് രണ്ട് മദ്യക്കുപ്പികളും തോക്കും കണ്ടെത്തിയത്. പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച് ഇത് എയര്‍ പിസ്റ്റളാണെന്നാണ് സൂചന.
കഴിഞ്ഞ ദിവസമാണ് എരഞ്ഞിപ്പാലം ഭാഗത്തുവെച്ച് അശ്വന്ത് കോക്ക് സഞ്ചരിച്ച വാഹനം മറ്റു വാഹനങ്ങളില്‍ ഇടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വാഹനം മറ്റു യാത്രക്കാര്‍ക്ക് ഭീഷണിയായതോടെ പ്രദേശവാസികളും നാട്ടുകാരും ചേര്‍ന്ന് വാഹനം തടഞ്ഞുനിര്‍ത്തുകയും തുടര്‍ന്ന് നടക്കാവ് പോലീസിന് കൈമാറുകയുമായിരുന്നു. പോലീസ് സ്ഥലത്തെത്തുമ്പോള്‍ അശ്വന്ത് വാഹനത്തിന് പുറത്തുനില്‍ക്കുന്ന നിലയിലായിരുന്നു.

മദ്യപിച്ച് വാഹനമോടിച്ചതിനാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അശ്വന്ത് മദ്യപിച്ചിരുന്നോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി വൈദ്യപരിശോധനയും വിശദമായ പോലീസ് അന്വേഷണവും പുരോഗമിക്കുകയാണ്.
