വാഷിങ്ടണ്‍: ഇറാഖിലുണ്ടായിരുന്ന അവസാന അമേരിക്കന്‍ സൈനിക വിഭാഗവും രാജ്യം വിട്ടതായി പെന്റഗണ്‍ സ്ഥിരീകരിച്ചു. ഇറാഖിലെ കുര്‍ദിസ്ഥാന്‍ മേഖലയിലുള്ള അര്‍ബില്‍ എയര്‍ബേസില്‍ നിന്നാണ് യുഎസ് സേന മടങ്ങിയതെന്ന് പ്രതിരോധ വകുപ്പ് വക്താവ് ഷോണ്‍ പാര്‍നെല്‍ വ്യക്തമാക്കി. ഇസ്ലാമിക് സ്റ്റേറ്റിനെതിരെ (ഐഎസ്) പോരാടുന്നതിനായി 12 വര്‍ഷം മുന്‍പ് ആരംഭിച്ച ‘ഓപ്പറേഷന്‍ ഇന്‍ഹെറന്റ് റിസോള്‍വ്’ ദൗത്യം ഇതോടെ അവസാനിച്ചു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട വിദേശ സൈനിക സാന്നിധ്യത്തിന് ശേഷം രാജ്യത്തിന്റെ പരമാധികാരം പൂര്‍ണ്ണമായി വീണ്ടെടുക്കുന്നതിലെ സുപ്രധാന നാഴികക്കല്ലായാണ് ഇറാഖ് സര്‍ക്കാര്‍ ഈ നീക്കത്തെ വിശേഷിപ്പിച്ചത്. അതേസമയം, ഐഎസ് വീണ്ടും ഇറാഖില്‍ തലപൊക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ പരിശീലനവും ഇന്റലിജന്‍സ് സഹായവും തുടര്‍ന്നും നല്‍കുമെന്നും യുഎസ് വ്യക്തമാക്കിയിട്ടുണ്ട്.

2003-ല്‍ സദ്ദാം ഹുസൈനെ പുറത്താക്കാന്‍ നടത്തിയ സൈനിക അധിനിവേശത്തെത്തുടര്‍ന്ന് വന്‍തോതിലുള്ള ആഭ്യന്തര കലാപങ്ങള്‍ക്കും ലക്ഷക്കണക്കിന് സാധാരണക്കാരുടെ മരണത്തിനുമാണ് ഇറാഖ് സാക്ഷ്യം വഹിച്ചത്. തുടര്‍ന്ന് 2011-ല്‍ ബരാക് ഒബാമയുടെ ഭരണകാലത്ത് യുഎസ് സൈന്യം പൂര്‍ണ്ണമായി പിന്‍വാങ്ങിയെങ്കിലും, 2014-ല്‍ ഐഎസ് സ്വാധീനം ശക്തമാക്കിയതോടെ അന്താരാഷ്ട്ര സഖ്യസേനയുടെ ഭാഗമായി യുഎസ് സൈന്യത്തിന് വീണ്ടും തിരിച്ചെത്തേണ്ടി വന്നു. 2024-ല്‍ ജോ ബൈഡന്റെ ഭരണകാലത്ത് യുഎസും ഇറാഖും തമ്മിലുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ പിന്മാറ്റം സാധ്യമായത്. ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്താണ് ഈ ചരിത്രപരമായ സൈനിക പിന്മാറ്റം പൂര്‍ത്തിയായിരിക്കുന്നത്.
