ദുബായ്: ദുബായ്-ടെല്‍ അവീവ് ഫ്‌ളൈ ദുബായ് വിമാനം സൗദി അറേബ്യയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്ത സംഭവത്തില്‍ ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഗിഡിയോണ്‍ സാറുമായി ഫോണില്‍ സംസാരിച്ച് യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍. ദുബായ് വിമാനത്താവളത്തില്‍ നിന്ന് ഇസ്രായേലിലെ ബെന്‍ ഗുറിയന്‍ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട വിമാനത്തിലുണ്ടായ സംഭവങ്ങളെക്കുറിച്ച് ഇരുനേതാക്കളും സമഗ്രമായി ചര്‍ച്ച ചെയ്തു.

സംഭാഷണത്തില്‍ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി എല്ലാവിധ പിന്തുണയും ഷെയ്ഖ് അബ്ദുല്ല ഉറപ്പുനല്‍കി. ഇതിനുപുറമെ, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും മേഖലയിലെ നിലവിലെ രാഷ്ട്രീയ-സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചും ഇരു നേതാക്കളും വിലയിരുത്തി.
