ദുബായ്: ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈ ദുബായ് വിമാനത്തിൽ നടന്ന കോക്ക്പിറ്റ് ആക്രമണത്തിൽ ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ച് യുഎഇ. സംഭവം ഭീകരാക്രമണ ശ്രമമാണോ, മുൻകൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചനയുടെ ഭാഗമാണോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുമെന്ന് യുഎഇ അധികൃതർ അറിയിച്ചു.
യുഎഇ അറ്റോർണി ജനറൽ ഹമദ് സൈഫ് അൽ ഷംസിയുടെ നിർദേശപ്രകാരം ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി സഹകരിച്ചാണ് അന്വേഷണം നടക്കുന്നത്. സംഭവത്തിൽ പ്രത്യേക പ്രോസിക്യൂഷൻ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തിയാകുന്നതുവരെ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക വിവരങ്ങൾ മാത്രം ആശ്രയിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
സംഭവത്തിൽ ആക്രമിക്കപ്പെട്ട ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഗുരുതരമായി പരുക്കേറ്റിട്ടും വിമാനത്തിലുണ്ടായിരുന്ന 174 യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ അദ്ദേഹം നടത്തിയ ഇടപെടൽ ശ്രദ്ധേയമാണെന്ന് മോദി എക്സിൽ കുറിച്ചു.
ആക്രമണത്തിനിടെ കുത്തേറ്റ ക്യാപ്റ്റൻ മച്ചാർ രക്തത്തിൽ കുളിച്ച് നിലത്തുവീണെങ്കിലും കോക്ക്പിറ്റ് വാതിൽ തുറക്കാൻ സാധിച്ചതാണ് അക്രമിയെ നിയന്ത്രണവിധേയമാക്കാൻ പുറത്തുണ്ടായിരുന്ന യാത്രക്കാർക്കും ക്രൂ അംഗങ്ങൾക്കും സഹായകമായത്.

സംഭവത്തിൽ പ്രതിയായ സഹപൈലറ്റ് നിലവിൽ സൗദി അറേബ്യയുടെ കസ്റ്റഡിയിലാണ്. ഇയാൾക്കെതിരെ സൗദിയിൽ അന്വേഷണം തുടരുകയാണ്. ഇയാളെ യുഎഇയിലേക്ക് മാറ്റിയേക്കുമെന്നും കേസിന്റെ അന്വേഷണത്തിൽ ഇസ്രയേലും സഹകരിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
സംഭവത്തെക്കുറിച്ച് പ്രതികരിച്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ആക്രമണത്തിന് പിന്നിൽ മറ്റാരുടെയെങ്കിലും പങ്കുണ്ടോയെന്ന് ഇപ്പോൾ വ്യക്തമല്ലെന്നും അന്വേഷണം പൂർത്തിയാകുന്നതുവരെ കാത്തിരിക്കണമെന്നും വ്യക്തമാക്കി.
അതേസമയം, സൗദി അറേബ്യയിലെ തബൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. സംഭവത്തെ തുടർന്ന് വിമാനത്തിന്റെ സാങ്കേതിക പരിശോധനയ്ക്കായി ഫ്ലൈ ദുബായുടെ പ്രത്യേക സംഘം സൗദി അറേബ്യയിലെത്തിയിട്ടുണ്ട്.
സംഭവത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനും ആക്രമണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടായിരുന്നോയെന്ന് പരിശോധിക്കുന്നതിനുമായി അന്വേഷണം തുടരുകയാണ്.
